/
10 മിനിറ്റ് വായിച്ചു

വടക്കഞ്ചേരിയിൽ വൻ വാഹനാപകടം; ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയിൽ വാഹനാപകടം.9 പേർ മരിച്ചു .കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എറണാകുളത്തെ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് അപകടത്തിൽ പെട്ടത്.

മരിച്ചവരിൽ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്.എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്. ബസുകള്‍ പൊളിച്ചുള്‍പ്പെടെയാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.

വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്താണ് അപകടമുണ്ടായത്.കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ബസിന്റെ പുറകു വശത്തായി അമിതവേഗത്തിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു. ബസ് ചതുപ്പിലേക്കാണ് മറിഞ്ഞത്.

എറണാകുളം വെട്ടിക്കൽ ബസേലിയസ് സ്കൂളിൽ നിന്നും 43 വിദ്യാർഥികളും അഞ്ച് ടീച്ചേഴ്സും അടങ്ങുന്ന സംഘം ഊട്ടിയിലേക്കാണ് പുറപ്പെട്ടത്.

പരുക്കേറ്റവര്‍ക്ക് അടിയന്തര സഹായമെത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. മന്ത്രി എം ബി രാജേഷും ആശുപത്രിയിലെത്തി. തൃശൂര്‍ മെഡിക്കല്‍ കോളജിലും ആലത്തൂര്‍ ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് പരുക്കേറ്റവരുള്ളത്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാവിലെ 9 മണിയോടെ ആരംഭിക്കും.

ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്. 50-ല്‍ അധികം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. 38 കുട്ടികളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!