/
10 മിനിറ്റ് വായിച്ചു

എതിരില്ലാതെ വീണ്ടും ഡിഎംകെ അധ്യക്ഷനായി എംകെ സ്റ്റാലിന്‍; കനിമൊഴി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലില്‍ വീണ്ടും ഡിഎംകെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ചെന്നെെയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എതിരില്ലാതെ രണ്ടാം തവണയാണ് സ്റ്റാലിന്‍ പാര്‍ട്ടി അദ്ധ്യക്ഷനാവുന്നത്.സുബ്ബുലക്ഷ്മി ജഗദീശന് പകരം ഡിഎംകെ എംപി കനിമൊഴി കരുണാനിധിയെ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.

പെരിയസാമി, അന്തിയൂര്‍ സെല്‍വരാജ്, കെ പൊന്‍മുടി, എ രാജ എന്നിവരാണ് നിലവിലെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാര്‍. മുതിര്‍ന്ന നേതാക്കളായ ദുരൈമുരുകന്‍, ടി ആര്‍ ബാലു എന്നിവരെ ജനറല്‍ സെക്രട്ടറിയും ഖജാൻജിയുമായി എതിരില്ലാതെ തെരഞ്ഞെടുത്തു.

രണ്ടാം തവണയാണ് ഇരു നേതാക്കളും ഈ സ്ഥാനത്ത് എത്തുന്നത്. ഡിഎംകെയുടെ 15ാമത് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ തലങ്ങളില്‍ പാര്‍ട്ടി സ്ഥാനങ്ങളിലേക്ക് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഖജാൻജി എന്നിവരെയും തെരഞ്ഞെടുത്തു.

അന്തരിച്ച പാര്‍ട്ടി നേതാവ് എം കരുണാനിധിയുടെ ഇളയ മകനായ എം കെ സ്റ്റാലിന്‍ ഡിഎംകെ ഖജാൻജി, യൂത്ത് വിംഗ് സെക്രട്ടറി തുടങ്ങിയ നിരവധി പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2018ല്‍ കരുണാനിധിയുടെ വിയോഗത്തെ തുടര്‍ന്നാണ് സ്റ്റാലിന്‍ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.

ഡിഎംകെയുടെ രണ്ടാമത്തെ പ്രസിഡന്റ് കൂടിയാണ് സ്റ്റാലിന്‍. ഡിഎംകെയുടെ ആദ്യ പ്രസിഡന്റ് കരുണാനിധിയായിരുന്നു. 1969ലാണ് ഡിഎംകെയില്‍ പ്രസിഡന്റ് സ്ഥാനം നിലവില്‍ വരുന്നത്. സി എന്‍ അണ്ണാദുരൈയാണ് ഡിഎംകെ സ്ഥാപകന്‍. 1969 ല്‍ അദ്ദേഹം മരണപ്പെടുന്നതുവരെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. 1949ലാണ് ഡിഎംകെ സ്ഥാപിതമായത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!