തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ കടുത്ത മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മർദ്ദിക്കുന്നത് പതിവായിരുന്നെന്നും പീഡന പരാതി നൽകിയ സ്ത്രീ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് എംഎൽഎക്കെതിരായ പരാതിയെ കുറിച്ച് അവർ വിശദീകരിച്ചത്. കേസ് ഒത്തുതീർപ്പാക്കാൻ എംഎൽഎയുടെ ഭാഗത്ത് നിന്ന് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് പറഞ്ഞ പരാതിക്കാരി, ഇത് താൻ വേണ്ടെന്ന് പറഞ്ഞപ്പോൾ കോൺഗ്രസിലെ തന്നെ സ്ത്രീ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു. വിളിച്ച് ഭീഷണിപ്പെടുത്തിയ സ്ത്രീ പെരുമ്പാവൂർ മാറമ്പളളി സ്വദേശിയും മുൻ വാർഡ് മെമ്പറും ആയിരുന്നുവെന്നും യുവതിപറഞ്ഞു.
മറ്റ് ഗതിയില്ലാതെയാണ് താൻ പരാതി നൽകിയത്. തനിക്കെതിരായ സൈബർ ആക്രമണം കോൺഗ്രസിലെ പല നേതാക്കളുടേയും അറിവോടെയാണെന്ന് സംശയിക്കുന്നു. എന്നാൽ കോൺഗ്രസിലെ എംഎൽഎമാരോ പ്രമുഖ നേതക്കളോ വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ആരും വിളിച്ചിട്ടില്ലെന്നായിരുന്നു മറുപടി . തനിക്ക് പലതും വെളിപ്പെടുത്താനുണ്ടെന്നും യുവതി പറഞ്ഞു.
എംഎൽഎയുമായി 10 വർഷത്തെ പരിചയം ഉണ്ട് . എന്നാൽ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. ആദ്യം പരാതി നൽകിയത് വനിത സെല്ലിലായിരുന്നു. പിന്നീടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതെന്നും അവർ പറഞ്ഞു.