ഹാരി പോര്‍ട്ടര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന് റോബി കോള്‍ട്രെയിന്‍ അന്തരിച്ചു. 72 വയസായിരുന്നു. ഹാരി പോട്ടര്‍ സിനിമകളിലെ ശ്രദ്ധേയ കഥാപാത്രമായ ഹാഗ്രിഡിനെ അവതരിപ്പിച്ച് ലോക ശ്രദ്ധയിലെത്തിയ താരമാണ് റോബി കോള്‍ട്രെയിന്‍. റോബി കോള്‍ട്രെയിന്റെ ഏജന്റാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഐടിവി ഡിക്ടറ്റീവ് നാടകമായ ക്രാക്കറിയിലും ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോള്‍ഡന്‍ ഐ, ദ വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്നിവയിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് .
1980 കളിലാണ് കോള്‍ട്രെയന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഫ്ളാഷ് ഗോള്‍ഡന്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശനം. പിന്നീട് ടെലിവിഷന്‍ കോമഡി ഷോകളിലും കോള്‍ട്രെയിന്‍ മികവ് തെളിയിച്ചു.
1981 ലെ ടെലിവിഷന്‍ പ്രോജക്ടായ ‘എ ക്ലിക്ക് അപ്പ് 80’ ലാണ് കോള്‍ട്രയ്ന്‍ ആദ്യമായി അഭിനയിച്ചത്. 2006 ല്‍ അദ്ദേഹത്തിന് ഒബിഇ (ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍) പുരസ്കാരം ലഭിച്ചു, കൂടാതെ 2011-ല്‍ ചലച്ചിത്രരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള ബാഫ്ത സ്കോട്ട്ലന്‍ഡ് അവാര്‍ഡും ലഭിച്ചു.