ബലാത്സംഗക്കേസിൽ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായക ദിവസം. മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയാല്‍ എംഎല്‍എയുടെ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കഴിഞ്ഞ നാലു ദിവസമായി എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ ഒളിവിൽ തുടരുകയാണ്. ഒരു എംഎല്‍എ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുന്നത് കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ഇത് അപൂർവമാണ്.
പറവൂര്‍ സ്വദേശിയും തിരുവനന്തപുരം പേട്ടയില്‍ താമസിക്കുകയും ചെയ്യുന്ന യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയാണ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയുള്ളത്.
ബലാത്സംഗം എന്ന ഗുരുതര കുറ്റം ചുമത്തിയിട്ടുണ്ടെന്നും എംഎല്‍എയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ വാദിക്കും. ജൂലൈ മുതല്‍ പലപ്പോഴായി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും പരാതി നല്‍കിയ ശേഷം പലതരത്തില്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ജാമ്യം നല്‍കുന്നത് പരാതിക്കാരിയുടെ ജീവന്‍പോലും അപകടത്തിലാക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.
എന്നാല്‍ പണം തട്ടാനായി കെട്ടിച്ചമച്ച കേസാണെന്നാണ് എല്‍ദോസിന്റെ മറുവാദം. പരാതിക്കാരിയുടെ പശ്ചാത്തലവും ഇതിന്റെ ഭാഗമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. കോടതി ജാമ്യാപേക്ഷ തള്ളുകയോ അറസ്റ്റ് തടയാതിരിക്കുകയോ ചെയ്താല്‍ എല്‍ദോസിനെ കസ്റ്റഡിയിലെടുക്കാനാകും അന്വേഷണ സംഘം ശ്രമിക്കുക. എംഎൽഎയുടെ ഒളിത്താവളം കണ്ടെത്താൻ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധന അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്.