ഇന്ത്യയിലെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ പാലിന്റെ വില വര്‍ധിപ്പിച്ചു. ഫുൾ ക്രീം പാലിന്റെ വില രണ്ട് രൂപ ഉയർത്തി. ഒപ്പം എരുമപ്പാലിന്റെയും വില ലിറ്ററിന് 2 രൂപ വർദ്ധിപ്പിച്ചു. ഗുജറാത്ത് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും വിലവർധന ബാധകമാകുമെന്ന് ജിസിഎംഎംഎഫ് അറിയിച്ചിട്ടുണ്ട്.
ഉത്സവ സീസണിൽ പാലിന്റെയും ക്രീമിന്റെയും വില വർധിപ്പിച്ചത് അമുലിനെതിരെ വിമർശനത്തിന് വഴി വെച്ചിട്ടുണ്ട്. അമുൽ എന്ന പേരിൽ പാലും പാലുത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത് ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ ആണ്.
വില വർധിപ്പിച്ചതോടെ ഫുൾ ക്രീം പാലിന്റെ വില ഇപ്പോൾ ലിറ്ററിന് 61 രൂപയിൽ നിന്ന് 63 രൂപയായി ഉയർന്നു. പുതുക്കിയ വില എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിട്ടില്ല.അമുലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല.
ഓഗസ്റ്റിൽ അമുൽ പാലിന്റെ വില വർധിപ്പിച്ചിരുന്നു. ലിറ്ററിന് 2 രൂപയാണ് അന്ന് വർദ്ധിപ്പിച്ചത്. അമുലിന്റെ ഗോൾഡ്, ശക്തി, താസ പാൽ ബ്രാൻഡുകളുടെ മൊത്തത്തിലുള്ള പ്രവർത്തനച്ചെലവും പാലുൽപാദന ചെലവും വർദ്ധിച്ചതിനാൽ ആണ് വില വർദ്ധനവ് എന്നാണ് അമുൽ വ്യക്തമാക്കിയിരുന്നത്.