ലൈംഗിക പീഡനകേസില്‍ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരി നൽകിയ ഹർജിയിലാണ് വിധി. ജസ്റ്റിസ് എ ബദറുദ്ദീന്റേതാണ് ഉത്തരവ്. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഉടൻ പ്രത്യേക കോടതിയിൽ ഹാജരാക്കണമെന്നും അന്ന് തന്നെ കോടതി ജാമ്യ ഹർജി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
പ്രായം കണക്കിലെടുത്ത് സിവിക് ചന്ദ്രന് കീഴ്‌ക്കോടതിയാണ് മുൻകൂർ ജാമ്യം നൽകിയിരുന്നത്. കീഴ്‌ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിന് പിന്നാലെ മുൻകൂർ ജാമ്യം നൽകിയതിനെതിരെ യുവതിയും, സംസ്ഥാന സർക്കാരും ഹർജി നൽകുകയായിരുന്നു.
സിവിക് ചന്ദ്രനെതിരായ കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തിരുന്നു. കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഉത്തരവിലുണ്ടായിരുന്ന ‘ലൈംഗിക പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രം’ എന്ന പ്രയോഗമാണ് കോടതി നീക്കം ചെയ്തത്. മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ കീഴ്‌ക്കോടതി വ്യക്തമാക്കിയ കാരണം ന്യായീകരിക്കാനാകില്ല.
അതേസമയം മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്.