കാഞ്ഞിരപ്പള്ളിയിൽ പോലീസുകാരൻ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തുതീർപ്പാക്കാനുള്ള പരാതിക്കാരന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ഇതോടെ, ഐ പി സി 379 പ്രകാരമുള്ള മോഷണ കേസിൽ തുടർ നടപടികൾ അവസാനിപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചു. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നസീബ് അബ്ദുൽ റസാഖിന്റേതാണ് ഉത്തരവ്. അതേസമയം, സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പൊലീസുകാരൻ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോവുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.