തലശ്ശേരി: വിദ്യാർത്ഥി സമൂഹം ജീവിതത്തിലുടനീളം മാനുഷിക മുല്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും സമുഹത്തിന്റെ പ്രശ്നങ്ങളിൽ പരിഹാരം തേടുന്നതിൽ തങ്ങളുടെതായ പങ്ക് നിർവഹിക്കണമെന്നും കുത്തുപറമ്പ് എം.എൽ. എ കെ. പി മോഹനൻ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. തലശ്ശേരി ഹോളി റോസറി ദേവാലയ അങ്കണത്തിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) കണ്ണൂർ രൂപത സമിതി സംഘടിപ്പിച്ച മെറിറ്റ് ദിനം – 2022 ന്റെ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ വിദ്യാർത്ഥിയും തങ്ങൾ ആയിരിക്കുന്ന ക്യാമ്പസുകളിൽ ലഹരി വിരുദ്ധ സന്ദേശവാഹകരായി പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞാ റിട്ട.ജോയിന്റ് എക്സൈസ് കമ്മീഷണർ പി.കെ സുരേഷ് നിർവഹിച്ചു.വിദ്യാഭ്യാസത്തിലുടെ മാത്രമേ ലത്തീൻ സമുദായത്തിന്റെ ഉന്നതി സാധ്യമാവുകയുള്ളുവെന്നും ആയതിനാൽ നന്നായി പഠിച്ച് രാഷ്ട്ര നന്മയ്ക്കും സമൂഹ നന്മയ്ക്കും നേത്യത്വം നൽകുന്ന നല്ല പൗരൻമാരായി തീരണമെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ കണ്ണൂർ രൂപത കെ.എൽ.സി.എ ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ പറഞ്ഞു.
കെ എൽ സി എ രൂപത പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ മുഖ്യ പ്രഭാഷണം നടത്തി.കണ്ണൂർ രൂപതയുടെ കീഴിലുള്ള കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയ സമുദായംഗങ്ങളായ വിദ്യാർഥികൾക്ക് കെ എൽ സി എ നൽകുന്ന വിദ്യാഭ്യാസ അവാർഡ് ‘മികവ് – 2022’ കെ.പി മോഹനൻ എം.എൽ.എ വിതരണം ചെയ്തു.
ഹോളി റോസറി ഇടവക വികാരി ഫാ. മാത്യു തൈക്കൽ വിദ്യാർത്ഥികൾക്ക് അനുമോദനം അർപ്പിച്ച് സംസാരിച്ചു.കെ.എൽ.സി.എ സംസ്ഥാന സെക്രട്ടറി ജോൺ ബാബു, ഗോഡ്സൺ ഡിക്രൂസ്, ഡിക്സൺ ബാബു, ക്രിസ്റ്റഫർ കല്ലറയ്ക്കൽ, ജോസ് പ്രകാശ്, ഷീജ വിൻസെന്റ്, സബിൻ കളത്തിൽ, ലീന ഗ്ലെൻ ,ശ്രീജൻ ഫ്രാൻസിസ് ,ജോസഫൈൻ എന്നിവർ പ്രസംഗിച്ചു.