കോഴിക്കോട് ലോ കോളേജ് ക്യാമ്പസിലെ വിദ്യാർത്ഥികളുടെ കുഞ്ഞുങ്ങളെ പരിചരിക്കാൻ ഡേ കെയർ സെന്റർ. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഡേ കെയർ സെന്റർ ആരംഭിക്കുന്നത്. രാവിലെ കോളേജിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് അവരുടെ കുഞ്ഞുങ്ങളെ ഡേ കെയറിൽ ഏൽപ്പിക്കാം.
വെെകിട്ട് കുഞ്ഞുങ്ങളുമായി തിരികെ വീട്ടിലേക്കും. ഇതിനിടയിൽ കുട്ടികളെ കാണാനും പാലുകൊടുക്കാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. പഠനത്തിനൊപ്പം കുഞ്ഞുങ്ങളെ നോക്കാൻ ബുദ്ധിമുട്ടിയിരുന്ന കോളേജിലെ രണ്ട് വിദ്യാർത്ഥികളാണ് ഈ ആശയം അധികൃതരോട് പങ്കുവെച്ചത്.
അധ്യാപകനായ ഡോ. പി ലോവൽമാൻ വിഷയം സ്റ്റാഫ് കൗൺസിലിൽ അവതരിപ്പിച്ചപ്പോൾ പിന്തുണ ലഭിച്ചു. തുടർന്ന് എൻഎസിസി ഓഫീസിനോട് ചേർന്ന മുറി ഡേ കെയർ സെന്ററാക്കി മാറ്റി. കുഞ്ഞുങ്ങൾക്ക് വേണ്ട കളിപ്പാട്ടങ്ങളും മറ്റ് സൌകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളെ നോക്കാൻ ഒരു ആയയെയും നിയമിച്ചു.
രാവിലെ 8.30 മുതൽ വൈകീട്ട് നാല് മണിവരെയാണ് ഡേ കെയർ പ്രവർത്തിക്കുന്നത്. കുട്ടികളെ ഏൽപ്പിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പിടിഎ ഫണ്ടിൽ നിന്നുമുള്ള തുകയാണ് നിലവിൽ ഡേകെയർ സെന്ററിന് വേണ്ടി ചെലവഴിക്കുന്നത്. ഡേ കെയറിനായി ഫണ്ട് അനുവദിക്കാനുള്ള നിർദ്ദേശം ഉന്നത വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചിട്ടുണ്ടെന്ന് ഡേ കെയറിന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രൊഫസർ സിസി ജോസഫ് പറഞ്ഞു.