തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് ലൈഗിംകാതിക്രമം നടത്തിയതും കുറവൻകോണം കേസിൽ അറസ്റ്റിലായ സന്തോഷ് തന്നെ. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു. പേരൂർക്കട സ്റ്റേഷനിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ വ്യക്തമായത്. പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ മ്യൂസിയം കേസിലും മലയിൻകീഴ് സ്വദേശി സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തും.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീക്ക് നേരെ മ്യൂസിയം പരിസത്ത് വെച്ച് ലൈംഗികാതിക്രമം ഉണ്ടായത്. ബുധനാഴ്ച പുലർച്ചെ കാറിൽ വന്നിറിങ്ങിയ താടിവച്ച ഒരാളാണ് ആക്രമിച്ചതെന്നാണ് സ്ത്രീയുടെ മൊഴി. എൽഎംഎസ് ജംഗ്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് പ്രതി രക്ഷപ്പെട്ടുകയായിരുന്നു.
അതേസമയം, കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ മലയിൻകീഴ് സ്വദേശി സന്തോഷാണ് ഇന്നലെ അറസ്റ്റിലായത്. വാട്ടർ അതോറിറ്റിയിലെ താത്കാലിക ഡ്രൈവറായ ഇയാൾ കുറ്റംകൃത്യം ചെയ്യുന്ന സമയത്ത് ഉപയോഗിച്ചരിരുന്നത് ജലവിഭവ പ്രിൻസിപ്പിൾ സെക്രട്ടറിയുടെ പേരിൽ അനുവദിച്ച ഇന്നോവാ കാറായിരുന്നു. ഈ വാഹനവും ഇന്ന് പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ എടുത്തേക്കും. കോടതിയിൽ ഹാജരാക്കും മുമ്പ് സംഭവസ്ഥലത്ത് എത്തിച്ച് ഇയാളെ തെളിവെടുക്കാനും സാധ്യതയുണ്ട്.