തിരുവനന്തപുരം: ജപ്തിക്കായി ബാങ്ക് അധികൃതരെത്തിയപ്പോൾ ആത്മഹത്യ ഭീഷണി മുഴക്കി യുവതിയും മകളും പ്രായമായ അമ്മയും. പോത്തൻകോട് ആണ് സംഭവം. ശലഭ എന്ന യുവതിയാണ് ജപ്തിക്കായി എസ്ബിഐ ഉദ്യോഗസ്ഥർ എത്തിയപ്പോൾ പെട്രോളുമായി വീടിനുള്ളിൽ ആത്മഹത്യ ഭീഷണി നടത്തുന്നത്.
2013 ൽ അറുമുഖൻ എന്ന ഒരു കച്ചവടക്കാരൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 35 ലക്ഷം രൂപ ലോണെടുത്തിരുന്നു. അറുമുഖൻ ഇവിടെ കച്ചവടം നടത്തുകയായിരുന്നു. ഇവിടെ കല്യാണം കഴിച്ച് താമസമാരംഭിച്ചു. 2014 ലാണ് ഇയാൾ ശലഭ എന്ന യുവതിയെ വിവാഹം കഴിച്ചത്. ഇതിൽ ഒരു കുട്ടിയുണ്ട്. 2017 ൽ അറുമുഖൻ ഇവരെ ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് തിരിച്ചു പോയി. ഇപ്പോൾ യാതൊരു ബന്ധവുമില്ല. പിന്നീട് ബാങ്കിൽ നിന്നും പണമടക്കാനുള്ള നോട്ടീസ് വരുന്നത് അനുസരിച്ച് ബാങ്കിൽ ശലഭ പണമടച്ചു കൊണ്ടിരുന്നു. ഏകദേശം 25 ലക്ഷത്തോളെ രൂപ ഇതിനകം അടച്ചു എന്നാണ് ശലഭ പറയുന്നത്.
എടുത്ത വായ്പ വെച്ചു നോക്കുമ്പോൾ ഇനി 9 ലക്ഷം രൂപ കൂടിയേ അടക്കാനുള്ളൂ. എന്നാൽ 50 ലക്ഷത്തോളം രൂപ ഇനിയും അടക്കണമെന്നാണ് ബാങ്ക് പറയുന്നത്. കഴിഞ്ഞ ദിവസം ബാങ്കിന്റെ ജപ്തി നോട്ടീസ് വന്നിരുന്നു. ഇന്ന് ഉച്ചയ്ക്ക് മുമ്പ് വീട് പൂട്ടി ഇറങ്ങണമെന്ന് ബാങ്കിന്റെ അന്ത്യശാസനം. എന്നാൽ പോകാൻ മറ്റൊരിടമില്ല എന്നാണ് ശലഭ പറയുന്നത്. പല തവണകളായി 25 ലക്ഷത്തോളം അടച്ചു എന്ന് ശലഭ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ബാങ്കിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയിലുള്ള ഇളവുകൾ അനുവദിക്കണമെന്ന് ശലഭ പറയുന്നു.