കണ്ണൂർ : തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ സംഭവത്തിലെ പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടന്നതായി ആരോപണം. പൊലീസ് ഇടപെട്ട് പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടത്തിയെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആരോപണം. തലശ്ശേരിയിൽ നടന്നത് ക്രിമിനലിനെ സംരക്ഷിക്കുന്ന നിലപാടാണ്. പ്രതിയെ രക്ഷിക്കാൻ സിപിഎം ഓഫീസിൽ നിന്നും വിളിച്ചു. നട്ടെല്ലില്ലാത്ത പൊലീസാണ് സംസ്ഥാനത്തുളളതെന്നും പൊലീസിന് സിപിഎമ്മിനെ പേടിയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കുട്ടിക്ക് ചവിട്ടേറ്റ സംഭവത്തെ കുറിച്ചുള്ള വിവരം തിരക്കിയതിൽ ക്ഷുഭിതനായ കേരള നിയമസഭാ സ്പീക്കർ എഎൻ ഷംസീറിനെ, സുധാകരൻ രൂക്ഷ ഭാഷയിൽ വിമർശിച്ചു. ഞാനല്ലല്ലോ ചവിട്ടിയത് എന്നായിരുന്നു സ്പീക്കർ രോഷത്തോടെ പ്രതികരിച്ചത്. സംഭവത്തിടുള്ള ഷംസീറിന്റെ പ്രതികരണം സംസ്ക്കാരം ഇല്ലായ്മയാണെന്നും ബുദ്ധിയുള്ള ആരും ഷംസീറിനെ പോലെ സംസാരിക്കില്ലെന്നും സുധാകരൻ പറഞ്ഞു. “സ്പീക്കർ ആണത്രേ സ്പീക്കർ” ഇങ്ങനെ പോയാൽ നാടിന്റെ ഭാവി ദുരന്ത പൂർണമാകുമെന്നായിരുന്നു സുധാകരന്റെ പ്രതികരണം.