64 വർഷങ്ങൾക്കു ശേഷം വെയിൽസ് ലോകകപ്പ് യോഗ്യത നേടിയിരിക്കുകയാണ്. ഒരു രാജ്യത്തിൻ്റെ രണ്ട് ലോകകപ്പ് അപ്പിയറൻസുകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഇടവേളയാണ് ഇത്. 1958ലാണ് ഇതിനു മുൻപ് വെയിൽസ് ലോകകപ്പ് കളിച്ചത്. ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് വെയിൽസ് പരാജയപ്പെടുകയായിരുന്നു. അന്ന് ഗോൾ നേടിയത് 17കാരനായ പെലെ ആയിരുന്നു എന്നത് ചരിത്രത്തിലെ മറ്റൊരു ഏട്. ബ്രസീലിൻ്റെ യാത്ര അവസാനിച്ചത് കിരീടത്തിലായിരുന്നു. ബ്രസീലിൻ്റെ ചരിത്രത്തിലെ ആദ്യ കിരീടം
വെയിൽസ് ടീമിൻ്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച താരമായി കണക്കാക്കപ്പെടുന്ന ഗാരത് ബെയിൽ ആണ് ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം. 40 ഗോളുകൾ നേടിയ മുൻ റയൽ മാഡ്രിഡ് താരം 108 മത്സരങ്ങളോടെ ദേശീയ ജഴ്സിയിൽ കളിച്ച് വെയിൽസായി ഏറ്റവുമധികം മത്സരങ്ങൾ കളിക്കുന്ന താരവുമാണ്. ബെയിലിനൊപ്പം ആരോൺ റാംസി, ജോ അല്ല, ബെൻ ഡേവീസ്, വെയിൻ ഹെന്നെസി എന്നിവരൊക്കെ വെയിൽസ് നിരയിൽ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളാണ്.
വെറും 31 ലക്ഷം ജനസംഖ്യയുള്ള വെയിൽസ് ആണ് ഖത്തർ ലോകകപ്പിൽ യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം. ഇംഗ്ലണ്ട്, ഇറാൻ, യുഎസ്എ എന്നീ ടീമുകളടങ്ങിയ മരണ ഗ്രൂപ്പിലാണ് വെയിൽസ്. ഫിഫ റാങ്കിംഗ് പ്രകാരം ആകെയുള്ള 8 ഗ്രൂപ്പുകളിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ള ടീമുകൾ ഒരുമിച്ചുള്ള ഗ്രൂപ്പാണിത്. ലോക റാങ്കിംഗിൽ ആദ്യ 20 സ്ഥാനങ്ങൾക്കകത്തുള്ള ടീമുകളാണ് ഈ നാല് ടീമുകളും. ഗ്രൂപ്പ് ബിയിൽ ഈ മാസം 22ന് യുഎസ്എയ്ക്കെതിരെയാണ് വെയിൽസിൻ്റെ ആദ്യ മത്സരം. 25ന് ഇറാനെയും 30ന് ഇംഗ്ലണ്ടിനെയും വെയിൽസ് നേരിടും.