വയനാട്: വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ഇരയുടെ പിതാവ്. ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടു പോകുന്നത് പോലീസ് അറിയിച്ചില്ലെന്നും അദ്ദേഹം ന്യൂസ് 18നോട് പ്രതികരിച്ചു.ഊട്ടിയില്‍ വെച്ച് ഗ്രേഡ് എഎസ്ഐ ബാബു മകളുടെ കയ്യിൽ കയറി പിടിച്ചെന്നും സംഭവം പുറത്തുപറയരുതെന്നും മകളോടാവശ്യപ്പെട്ടതായും അതിജീവിതയുടെ അച്ഛൻ ആരോപിച്ചു. അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്പലവയൽ ഗ്രേഡ് എഎസ്ഐ ടി.ജി ബാബുവിന്റെ അറസ്റ്റ് ഉടനുണ്ടാകും.
പോക്സോ കേസിന് പുറമെ പട്ടികജാതി – പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരവും ഉദ്യോഗസ്ഥനെതിരെ കേസടുത്തിട്ടുണ്ട്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. ഇക്കഴിഞ്ഞ ജൂലൈ 26 ന് ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ പട്ടികവർഗ വിഭാത്തിൽപ്പട്ട പെൺകുട്ടിയെ എഎസ്ഐ ഉപദ്രവിച്ചെന്നാണ് കേസ്.
തെളിവെടുപ്പ് പൂർത്തിയാക്കി ഊട്ടിയിൽ നിന്ന് മടങ്ങവേ നഗരത്തിൽ വണ്ടി നിർത്തി. ഗ്രേഡ് എഎസ്ഐ ടി.ജി ബാബു പെൺകുട്ടിയെ മാറ്റി നിർത്തി കയ്യിൽ കയറി പിടിക്കുകയും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഷെൽട്ടർ ഹോമിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് CWC ജില്ല പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.