പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർനന്ന് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മുക്കാലി സ്വദേശി അബ്ബാസ് വിചാരണക്കോടതിയിൽ ഹാജരായി. അബ്ബാസിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് ചെയ്തതായി കോടതി അറിയിച്ച ഉടനെ അബ്ബാസ് കോടതിയിൽ തളർന്നു വീണു. അബ്ബാസിനെ ആശുപ്രതിയിലേക്കു മാറ്റി.
കേസിൽ അബ്ബാസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഇതോടെ ബുധനാഴ്ച പതിനൊന്നരയോടെയാണ് അബ്ബാസ് അഭിഭാഷകൻ മുഖേന വിചാരണക്കോടതിയായ മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയിൽ ഹാജരായത്. രോഗിയാണെന്നും മരുന്ന് കഴിക്കുന്നുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും അബ്ബാസിന്റെ അഭിഭാഷകൻ വാദിച്ചു. ജാമ്യം അനുവദിക്കാനാവില്ലെന്നും മധുവിന്റെ അമ്മയ്ക്ക് പറയാനുള്ളത് കേൾക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ പി ജയൻ വാദിച്ചു.
തുടർന്ന് അബ്ബാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതായി ജഡ്ജി കെ.എം.രതീഷ്കുമാർ അറിയിച്ചു മല്ലിക്കു പറയാനുള്ളത് കേൾക്കാൻ 18 ന് ഹാജരാകാനും കോടതി നിർദേശിച്ചു. ജില്ലാ സെഷൻസ് കോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെല്ലാം മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എങ്കിലും ഹർജി തള്ളുകയായിരുന്നു. കേസിൽ അബ്ബാസിന്റെ ബന്ധു ശിഫാൻ നേരത്തെ അറസ്റ്റിലായിരുന്നു.