കോൾ വരുമ്പോൾ ഫോൺ സ്ക്രീനിൽ വിളിക്കുന്നയാളുടെ പേര് കാണിക്കും, പുതിയ നീക്കവുമായി ട്രായ്. ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് ലഭ്യമായ വരിക്കാരുടെ കെവൈസി റെക്കോർഡ് അനുസരിച്ചായിരിക്കും പേര് കാണിക്കുക. ദേശീയ മാധ്യമമായ ഫിനാൻഷ്യൽ എക്സ്പ്രസാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇത് സംബന്ധിച്ചുള്ള ട്രായിയുടെ കൺസൾട്ടേഷൻ പേപ്പർ അടുത്ത ആഴ്ച തന്നെ തയാറാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കെവൈസി അടിസ്ഥാനമാക്കിയുള്ള കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം വർധിച്ചുവരുന്ന സ്പാം കോളുകൾ, തട്ടിപ്പുകൾ എന്നിവയിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇത് നടപ്പിലാകുമ്പോൾ കോളറിന്റെ പേര് ഫോണിൽ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നവരുടെ പേര് വിവരങ്ങൾ അറിയാൻ കഴിയും. നിലവിൽ, ചില ഉപയോക്താക്കൾ ട്രൂകോളർ പോലുള്ള ആപ്പുകൾ വഴി ഒരു അജ്ഞാത കോളറുടെ ഐഡന്റിറ്റി തിരിച്ചറിയുന്നുണ്ട്. എന്നാൽ, ട്രൂകോളർ പോലുള്ള ആപ്പുകൾക്കും പരിമിതിയുണ്ട്.