/
13 മിനിറ്റ് വായിച്ചു

മെട്രോ രണ്ടാംഘട്ടം : ഫ്രഞ്ച്‌ വികസന ബാങ്ക്‌ പിന്മാറിയത്‌ കേന്ദ്രം കാരണം

കൊച്ചി മെട്രോ ഇൻഫോപാർക്ക്‌ പാതക്കുള്ള ധനസഹായം ഫ്രഞ്ച്‌ വികസന ബാങ്ക്‌ (എ.എഫ്‌.ഡി) നിഷേധിക്കാൻ കാരണം കേന്ദ്രം. രണ്ടാംഘട്ടപാതയുടെ പകുതിപോലും കേന്ദ്രസർക്കാർ അംഗീകരിച്ച തുകയ്‌ക്ക്‌ നിർമിക്കാനാകില്ലെന്നാണ്‌ എ.എഫ്‌.ഡിയുടെ വിലയിരുത്തൽ. 2017ൽ കേന്ദ്രസർക്കാർ ഏജൻസി കൺസൾട്ടന്‍റായി തയ്യാറാക്കിയ ഡി.പി.ആറിൽ 11.2 കിലോമീറ്റർ പാതക്ക്‌ 2310 കോടിയാണ്‌ കണക്കാക്കിയത്‌.

2018ൽ കേന്ദ്ര നഗരാസൂത്രണമന്ത്രാലയം ഇടപെട്ട്‌ ഇത്‌ 1957 കോടിയായി വെട്ടിക്കുറച്ചു. ഈ തുകയ്‌ക്ക്‌ നിർമാണം പൂർത്തിയാകില്ലെന്ന്‌ എ.എഫ്‌.ഡി നേരത്തേതന്നെ കെ.എം.ആർ.എലിനെ അറിയിച്ചിരുന്നു. ആഗസ്‌തിൽ പദ്ധതിക്ക്‌ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയശേഷവും ഇതറിയിച്ചു. എന്നിട്ടും നിലപാട്‌ മാറ്റാൻ കേന്ദ്രം തയ്യാറായില്ല. തുടർന്നാണ്‌ പിന്മാറ്റം. കാക്കനാട്‌ പാതയ്‌ക്ക്‌ 3500 കോടി രൂപ വേണമെന്നാണ്‌ എ.എഫ്‌.ഡി വിലയിരുത്തൽ. മെട്രോ ഒന്നാംഘട്ടത്തിൽ എ.എഫ്‌.ഡിയാണ്‌ വായ്‌പ നൽകിയത്‌. 5181 കോടി കണക്കാക്കിയെങ്കിലും 7100 കോടി ചെലവായി. 25 വർഷ കാലാവധിയിൽ 1.9 ശതമാനം പലിശയ്‌ക്കാണ്‌ വായ്‌പ അനുവദിച്ചത്‌. കാക്കനാട്‌ പാതക്കുള്ള 60 ശതമാനം പണവും വായ്‌പയിലൂടെയാണ്‌ കണ്ടെത്തേണ്ടത്‌. 16.23 ശതമാനം തുക (274.90 കോടി) മാത്രമാണ്‌ കേന്ദ്രവിഹിതം.

തുടക്കം മുതൽ ഉടക്ക്‌
കൊച്ചി മെട്രോയ്‌ക്ക്‌ വൻ കുതിപ്പ്‌ നൽകുമെന്ന്‌ പ്രതീക്ഷിക്കുന്ന പദ്ധതിയാണ്‌ ഇൻഫോപാർക്ക്‌ പാത. എന്നാൽ, തുടക്കംമുതൽ ഇത്‌ തടസ്സപ്പെടുത്താനാണ്‌ കേന്ദ്രനീക്കം. പദ്ധതിക്ക്‌ നാലുവർഷമാണ്‌ അനുമതി വൈകിച്ചത്‌. ഒപ്പം രാജ്യത്ത്‌ മറ്റ്‌ മെട്രോകൾക്കൊന്നും ബാധകമല്ലാത്ത നിബന്ധനകളും അടിച്ചേൽപ്പിച്ചു.

രണ്ടാംഘട്ടത്തെ ബാധിക്കില്ല: കെ.എം.ആർ.എൽ
ഫ്രഞ്ച്‌ വികസന ഏജൻസി (എ.എഫ്‌.ഡി) വായ്‌പ നൽകാത്തത്‌ കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തെ ബാധിക്കില്ലെന്ന്‌ കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു. മറ്റ്‌ ഏജൻസികളിൽനിന്ന്‌ വായ്‌പ ലഭ്യമാക്കാൻ നടപടി പൂർത്തിയാക്കി. നഗരജനസംഖ്യാ മാനദണ്ഡപ്രകാരം കൊച്ചിയുൾപ്പെടുന്ന വിഭാഗത്തിലെ മെട്രോകളിൽ മികച്ചതാണ്‌ കൊച്ചി മെട്രോ. നാഗ്‌പുർ, ജയ്‌പുർ, ലഖ്‌നൗ തുടങ്ങിയ മെട്രോകളെ അപേക്ഷിച്ച്‌ യാത്രക്കാരുടെ എണ്ണത്തിലും ഇതരസൗകര്യങ്ങളിലും ബഹുദൂരം മുന്നിലാണ്‌. യന്ത്രവൽകൃതമല്ലാത്ത ഗതാഗതമാർഗങ്ങൾ മെട്രോയ്‌ക്ക്‌ അനുബന്ധമായി വികസിപ്പിക്കുന്നതിന്‌ എ.എഫ്‌.ഡിയുടെ സഹായം ലഭിക്കുന്നുണ്ട്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!