വീടൊഴിയാന്‍ റവന്യു വകുപ്പ് നോട്ടീസ് ലഭിച്ചതില്‍ പ്രതികരണവുമായി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു. സബ്കളക്ടറുടേത് ആരുടെയോ നിര്‍ദേശപ്രകാരമുള്ള നടപടിയാണെന്നും നിയമപരമായി നേരിടുമെന്നും എംഎല്‍എ പ്രതികരിച്ചു.
‘നിലവില്‍ പട്ടയമുള്ള ഭൂമിയാണത്. 60 പേര്‍ക്കാണ് ആകെ റവന്യുവകുപ്പ് നോട്ടീസ് നല്‍കിയത്. അതില്‍ 59 പേരോട് വിശദീകരണം ചോദിച്ചപ്പോള്‍ എന്നോട് മാത്രം ഒഴിവായി പോകാനാണ് പറഞ്ഞത്. അതിനനുസരിച്ചുള്ള നിയമനടപടികള്‍ നേരിടും. ഏത് വിധത്തിലാണെങ്കിലും ഈ നീക്കത്തെ നേരിടും. ആരെങ്കിലും പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് സബ് കളക്ടര്‍’. എംഎല്‍എ പറഞ്ഞു.
മൂന്നാര്‍ ഇക്ക നഗറിലെ വീട് പുറംപോക്കിലാണെന്ന് കാണിച്ചാണ് എംഎല്‍എയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം വീടൊഴിയണമെന്നാണ് റവന്യു വകുപ്പ് നിര്‍ദേശം. ഏഴ് സെന്‍റ് സ്ഥലത്താണ് എസ് രാജേന്ദ്രന്‍റെ വീട് സ്ഥിതി ചെയ്യുന്നത്. വീട് നിര്‍മാണം ആരംഭിച്ചതുമുതല്‍ വിവാദങ്ങളുമുണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസായിരുന്നു അനധികൃതമായിട്ടാണ് വീട് നിര്‍മാണമെന്ന വാദങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. പിന്നീടത് കെട്ടടങ്ങുകയും ചെയ്തു.
ഇക്കാ നഗറിലെ 25 ഏക്കറോളം ഭൂമി കെഎസ്ഇബിയുടേതാണെന്നാണ് അവകാശവാദം. ഈ ഭൂമി വ്യക്തികള്‍ക്ക് തന്നെ പതിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഇക്കാ നഗറിലെ തന്നെ ഒരു സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചു. കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്തെ ആളുകളെ കുടിയൊഴിപ്പിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍ ഇതിന് പിന്നാലെ 25 ഏക്കറിലുള്ള 60 കുടുംബങ്ങള്‍ക്ക് ഭൂരേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം റവന്യു വകുപ്പ് അനുവദിച്ചു. എന്നാല്‍ എസ് രാജേന്ദ്രന് മാത്രം വീടൊഴിയണമെന്ന് നോട്ടീസ് നല്‍കുകയായിരുന്നു.