ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ‘ പദ്ധതിയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സൂക്ഷ്മ സംരംഭങ്ങൾ ആരംഭിച്ച് തൊഴിലവസരങ്ങൾ വർധിപ്പിക്കാനാണ് സർക്കാർ ശ്രമം. ഇതിന്‍റെ ഭാഗമായുള്ള തൊഴിൽസഭകളിൽ ജനങ്ങളുടെ പ്രതീക്ഷ നിലനിർത്താൻ തദ്ദേശ സ്ഥാപനങ്ങൾ അവസരത്തിനൊത്തുയരണം. സംരംഭങ്ങൾ മുടക്കാൻ മുന്നിൽ നിൽക്കുന്നവരായി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാറരുതെന്നും അവലോകന യോഗം ഉദ്ഘാടനംചെയ്‌ത് മന്ത്രി പറഞ്ഞു.
തെരുവുവിളക്കുകൾക്കുള്ള നിലാവ് പദ്ധതി നടത്തിപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർവഹിക്കാം. കെ.എസ്.ഇ.ബിയെ ആശ്രയിക്കേണ്ടതില്ല. കെട്ടിടങ്ങളിലെ കൂട്ടിച്ചേർക്കലുകൾ കണ്ടെത്തി നികുതി പുനർനിർണയിക്കാനുള്ള നടപടികൾ വകുപ്പ് പരിശോധിക്കും. പദ്ധതി വിഹിതത്തെമാത്രം ആശ്രയിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നോട്ടുപോകാനാവില്ല. പി.എം.എ.വൈ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയ നഗരസഭകളിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനം നേടിയ മട്ടന്നൂർ നഗരസഭയെ മന്ത്രി അഭിനന്ദിച്ചു. മികച്ച പഞ്ചായത്ത് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ട കെ.വി. പ്രകാശൻ, കെ.വി. പത്മനാഭൻ എന്നിവർക്കും ഐ.എൽ.ജിഎം.എസ് ആപ്ലിക്കേഷൻ സേവനം ലഭ്യമാക്കിയ മികച്ച പഞ്ചായത്തുകളായ കടന്നപ്പള്ളി–പാണപ്പുഴ, കല്യാശ്ശേരി, മാട്ടൂൽ എന്നിവയ്ക്കും മന്ത്രി ഉപഹാരം നൽകി.
ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്‍റ് പി.പി. ദിവ്യ അധ്യക്ഷയായി. കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ, പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് എം. ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് പി.പി. ഷാജിർ, കൂത്തുപറമ്പ് നഗരസഭാ ചെയർമാൻ വി. സുജാത, മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. രമണി, ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം: മന്ത്രി എം.ബി രാജേഷ്
Image Slide 3
Image Slide 3