മുംബൈ ഭീകരാക്രമണത്തെ ചെറുത്ത് തോൽപ്പിച്ചതിന്‍റെ പതിനാലാം വാർഷികവും മുംബൈ ഓപ്പറേഷനിൽ വീരമൃത്യു വരിച്ച ധീര ജവാൻമാരുടെ അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചു. ജില്ലാ സൈനിക കൂട്ടായ്മയായ ടീം കണ്ണൂർ സോൾജിയേഴ്സ്ന്‍റെ നേതൃത്വത്തിലാണ് മുംബൈ ഭീകരാക്രമണത്തിൽ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ ജ്വലിക്കുന്ന ഓർമ്മയിൽ പറശ്ശിനിക്കടവ് തവളപ്പാറ ടീം കണ്ണൂർ സോൾജിയേഴ്‌സ് ഓഫീസ് സമുച്ചയത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. കേണൽ എൻ.വി.ജി. നമ്പ്യാർ (റിട്ട.) ടി.കെ.എസ് വാർ മെമ്മോറിയലിൽ പുഷ്പാർച്ചന നടത്തി അനുസ്മരണ പരിപാടിക്ക് തുടക്കം കുറിച്ചു. പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപത്ത് നിന്നും വാർ മെമ്മോറിയൽ വരെ എൻ.സി.സി കേഡറ്റുകളും, കൂട്ടായ്മയിലെ അംഗങ്ങളും ചേർന്ന് ഭീകര വിരുദ്ധ റാലി സംഘടിപ്പിച്ചു. തുടർന്ന് നായിക് മഹേഷ് ഇ മെമ്മോറിയൽ ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ 26/ 11 ഓപ്പറേഷൻ ബ്ലാക്ക് ടോർണാഡോയിൽ പങ്കെടുത്ത കമാൻഡോ പ്രിയേഷ് ബാബു എം.കെ, കമാൻഡോ അഭിലാഷ് എന്നിവർ വിശിഷ്ടാതിഥികളായി. ഗവ. ഹയർസെക്കൻഡറിസ്കൂൾ മമ്പറം, ഹയർസെക്കൻഡറി സ്കൂൾ പറശ്ശിനിക്കടവ്, കെ.പി.ആർ.ജി.എസ് ഗവ.ഹയർസെക്കൻഡറി സ്കുൾ കല്ല്യാശ്ശേരി, രാജാസ് ഹയർസെക്കൻഡറി സ്കൂൾചിറക്കൽ എന്നീ സ്കൂളുകളിലെ NCC കേഡറ്റുകളുമായി അനുഭവം പങ്കുവച്ചു. വൈസ് പ്രസിഡന്‍റ് വിനോദ് എളയവൂർ അധ്യക്ഷത വഹിച്ചു. കണ്ണൂർ സോൾജിയേഴ്‌സ് ജോ. സെക്രട്ടറി സി.പി. രാധാകൃഷ്ണൻ സ്വാഗതവും രജീഷ് തുമ്പോളി നന്ദിയും പറഞ്ഞു.