വിഴിഞ്ഞം സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അഭിപ്രായ ഐക്യമില്ലാതെ പിരിഞ്ഞു. സംഘര്‍ഷം വ്യാപകമാകാതിരിക്കാന്‍ പൊതുതീരുമാനമുണ്ടായെന്ന് മന്ത്രി ജി.ആര്‍. അനില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സമരസമിതി ഒഴികെ എല്ലാവരും പിന്തുണച്ചെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ സമരസമിതി ഒറ്റപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതിരുന്നത് ശരിയായില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. സംഘര്‍ഷം പൊലീസ് ക്ഷണിച്ചുവരുത്തിയതാണെന്ന നിലപാടാണ് ലത്തീന്‍ അതിരൂപത സ്വീകരിച്ചത്.
സമരസമിതി ഒഴികെയുള്ള എല്ലാവരും സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് ആവശ്യപ്പെട്ടതെന്ന് മന്ത്രി വിശദീകരിച്ചു. പൊലീസ് സ്റ്റേഷനില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പൊലീസ് ആത്മസംയമനം പാലിച്ചു. മന്ത്രിസഭാ ഉപസമിതി ചര്‍ച്ചകളില്‍ സമരസമിതി നിലപാട് മാറ്റി. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളോട് സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി ജി.ആര്‍. അനില്‍ കൂട്ടിച്ചേര്‍ത്തു. യോഗത്തിനിടെ വാക്കേറ്റവും വാക്‌പോരുമുണ്ടായി. സമരസമിതി ഒറ്റപ്പെടുന്ന സ്ഥിതിയാണ് യോഗത്തിലുടനീളമുണ്ടായത്. സര്‍വകക്ഷി യോഗ ചര്‍ച്ച ഫലപ്രദമല്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ വിമര്‍ശനം.
വിഴിഞ്ഞം സംഘര്‍ഷം: ധാരണയാകാതെ സര്‍വകക്ഷിയോഗം; ഒറ്റപ്പെട്ട് സമരസമിതി
Image Slide 3
Image Slide 3