/
11 മിനിറ്റ് വായിച്ചു

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച ആർ.എസ്‌.എസുകാരെ പിടികൂടും -എം.വി. ഗോവിന്ദൻ

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കാൻ ഗൂഢാലോചന നടത്തിയവരുൾപ്പെടെയുള്ള മുഴുവൻ ആർ.എസ്‌.എസുകാരെയും നിയമത്തിന്‌ മുന്നിൽ കൊണ്ടുവരുമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽ.ഡി.എഫ്‌ സംഘടിപ്പിച്ച ബഹുജനക്കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവയ്‌പിൽ പങ്കാളിയാകുകയും പിന്നീട്‌ ആർ.എസ്‌.എസിന്‍റെതന്നെ ഭീഷണിക്ക്‌ വിധേയനാകുകയും ചെയ്‌ത പ്രകാശിന്‍റെ ദുരൂഹമരണത്തിലെ കുറ്റവാളികളായവരെയും പിടികൂടുകതന്നെ ചെയ്യും.
ആളുകളെ കൊല്ലാനും ഇഷ്ടമില്ലാത്തവരുടെ വസ്‌തുവകകൾ നശിപ്പിക്കാനുമാണ്‌ ശാഖകളിൽ പഠിപ്പിക്കുന്നത്‌. നിരന്തര പഠനത്തിലൂടെ ഹൈന്ദവ ഇതിഹാസങ്ങളും പുരാണങ്ങളും മാനവരാശിക്ക്‌ നൽകുന്ന മഹത്‌ സന്ദേശങ്ങളുടെ പ്രചാരകനാണ്‌ സന്ദീപാനന്ദഗിരി. അദ്ദേഹം വിശ്വാസിയായിരുന്നു, പക്ഷേ വർഗീയവാദിയായിരുന്നില്ല. ഒരു വിശ്വാസിക്കും വർഗീയവാദിയാകാൻ കഴിയില്ല. വർഗീയവാദിക്ക്‌ വിശ്വാസിയാകാനും കഴിയില്ല. യഥാർഥ വിശ്വാസം പ്രചരിപ്പിച്ചാൽ അത്‌ വർഗീയവാദികളുടെ മുന്നേറ്റത്തിന്‌ തടസ്സമാകുമെന്ന്‌ കണ്ടാണ്‌ സ്വാമിക്കെതിരെ ആർ.എസ്‌.എസ്‌ തിരിഞ്ഞത്‌.
ആർ.എസ്‌.എസിന്‍റെ തൊഴുത്തിൽ കോൺഗ്രസിനെ കെട്ടാനാണ്‌ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനടക്കം നിരന്തരം ശ്രമിക്കുന്നത്‌. രാജ്യത്തിന്‍റെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ വർഗീയവിരുദ്ധ പാർടികളുടെ വോട്ട്‌ ചിതറിപ്പോകാതെ ജയസാധ്യതയുള്ള സ്ഥാനാർഥികൾക്ക്‌ സമാഹരിച്ച്‌ നൽകാനായാൽ അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി. ഉണ്ണികൃഷ്‌ണൻ, സി.പി. എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ സി. ജയൻബാബു, ഇ.ജി. മോഹനൻ, പാളയം ഏരിയ സെക്രട്ടറി സി. പ്രസന്നകുമാർ, വി.കെ. പ്രശാന്ത്‌ എം.എൽ.എ, സി.പി.ഐ മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ്‌ ശ്രീകുമാർ എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!