20 മിനിറ്റ് വായിച്ചു

കണ്ണൂര്‍ കോർപറേഷന്‍ പ്ലാസ്റ്റിക് – ഖര മാലിന്യ സംസ്കരണം ഉപനിയമാവലി അംഗീകരിച്ചു

പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, ഖരമാലിന്യ സംസ്കരണം എന്നിവയുടെ ഉപനിയമാവലി കണ്ണൂര്‍ കോർപറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. 2016 ലെ സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് റൂള്‍സ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളതിന്‍ പ്രകാരം അതാത് സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഒരു പോളിസി രൂപീകരിക്കുന്നതിനും ആയതിന്‍റെ അടിസ്ഥാനത്തില്‍ അതാത് മുനിസിപ്പല്‍ കൗണ്‍സിലുകള്‍ക്ക് ബൈലോ(ഉപനിയമാവലി) പുറപ്പെടുവിക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച മാതൃകാ ബൈലോ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരത്തിന് നല്‍കിയിട്ടുണ്ട്. ഖരമാലിന്യ പരിപാലന നിയമാവലിയില്‍ നഗരസഭാപരിധിക്കുള്ളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഖരമാലിന്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചും മാലിന്യ ഉല്‍പ്പാദകരുടെ ഉത്തരവാദിത്തങ്ങള്‍ ഖരമാലിന്യങ്ങള്‍ വേര്‍തിരിക്കേണ്ടതിന്‍റെ പ്രാധാന്യം, പൗരസമൂഹത്തിന്‍റെ ചുമതലകള്‍, ബൈലോ വ്യവസ്ഥകള്‍ ലംഘിക്കുന്നതിന്‍റെ ശിക്ഷകള്‍ എന്നിങ്ങനെ കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളതാണ്. ഇത് പ്രകാരമാണ്​ കണ്ണൂര്‍ കോർപറേഷന്‍ കൗണ്‍സില്‍ യോഗം ഖരമാലിന്യ സംസ്കരണത്തിനുള്ള ഉപനിയമാവലിയും, പ്ലാസ്റ്റിക് മാലിന്യ പരിപാലനത്തിനുള്ള ഉപനിയമാവലിയും അംഗീകരിച്ചത്​.

പൊതുസ്ഥലങ്ങള്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്തമാക്കുക, പ്ലാസ്റ്റിക് മാലിന്യ സംഭരണ – പരിവഹണ ചെലവുകള്‍ പരമാവധി ചുരുക്കുകയും ശാസ്ത്രീയ ബദല്‍ നടപ്പാക്കുകയും ചെയ്യുക, പ്ലാസ്റ്റിക് മാലിന്യ പരിപാലന – സംസ്കരണ കൃത്യങ്ങളില്‍ ജനകീയ അവബോധവും ആഭിമുഖ്യവും ഉയര്‍ത്തുക, ഇതിന്‍റെ നടത്തിപ്പിന് ഫലപ്രദമായ നിര്‍വഹണ – നിരീക്ഷണ – പരിഷ്കരണ ഉപാധികള്‍ക്ക് പ്രാബല്യം നല്‍കുക എന്നിവയാണ് ബൈലോയുടെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങള്‍.

കോര്‍പ്പറേഷന്‍ പരിധിക്കുള്ളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ഒരു പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ആരും തന്നെ നിര്‍മ്മിക്കാനോ സംഭരിക്കാനോ വില്‍ക്കാനോ പാടുള്ളതല്ല. പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വൃത്തിയാക്കി ഉണക്കി തരംതിരിച്ച് കോര്‍പ്പറേഷന്‍ ചുമതലപ്പെടുത്തുന്ന ഹരിതകര്‍മ്മസേനയ്ക്ക് കൈമാറേണ്ടതാണ്.

അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിര്‍മ്മാണം, വിൽപന, വിതരണം, ഉപയോഗം, ശേഖരണം എന്നിവ നടത്തുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നതാണ്. ആദ്യ തവണ ലംഘിക്കുന്നതിന് 10,000 രൂപയും രണ്ടാം തവണ ലംഘിക്കുന്നതിന് 25,000 രൂപയും തുടര്‍ന്നുള്ള ലംഘനത്തിന് 50,000 രൂപയും പിഴ ഈടാക്കും. തുടര്‍ന്നും ഉത്തരവ് ലംഘിക്കുന്ന പക്ഷം പ്രവര്‍ത്തനാനുമതി റദ്ദാക്കുന്നതായിരിക്കും.

നാട് അഭിമുഖീകരിക്കുന്ന മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബൈലോയിലെ വ്യവസ്ഥകള്‍ ഉദ്യോഗസ്ഥർ കര്‍ശനമായി നടപ്പിലാക്കുന്നതോടൊപ്പം ഇതിനായി ജനങ്ങളെ ബോധവത്​കരിക്കുന്നതിനും നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിനും ഉള്ള ഉത്തരവാദിത്തം ജനപ്രതിനിധികള്‍ കൂടി നിർവഹിക്കണമെന്ന് മേയര്‍ അഡ്വ.ടി.ഒ. മോഹനന്‍ പറഞ്ഞു.

കൗണ്‍സില്‍ യോഗത്തിൽ ഡെപ്യൂട്ടി മേയര്‍ കെ. ഷബീന ടീച്ചര്‍, സ്റ്റാന്‍റിങ്​ കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പി. രാജേഷ്, അഡ്വ.പി. ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എന്‍. സുകന്യ, ടി. രവീന്ദ്രന്‍, കെ.എം. സാബിറ ടീച്ചര്‍, ഫിറോസ ഹാഷിം, എസ്. ഷഹീദ, പി.പി. വത്സലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!