ചാൻസലറായ ആരിഫ് മുഹമ്മദ് ഖാൻ രാജി ആവശ്യപ്പെട്ട കേരളത്തിലെ ഒമ്പത് സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ ഹിയറിങ്ങിന് വിളിച്ചു. 12ന് രാവിലെ 11 മണിക്ക് എല്ലാവരോടും രാജ്ഭവനിൽ ഹിയറിങ്ങിന് എത്താനാണ് കത്തയച്ചിരിക്കുന്നത്. ഒമ്പത് വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള നടപടികളുമായി ഗവർണർ മുന്നോട്ട് പോകുന്നതിന്റെ ഭാഗമാണ് നടപടി.
സുപ്രീംകോടതി വിധിയിലൂടെ പുറത്തായ സാേങ്കതിക സർവകലാശാല വി.സി ഡോ. എം.എസ്. രാജശ്രീ, ഹൈകോടതി വിധിയിലൂടെ പുറത്തായ ഫിഷറീസ് സർവകലാശാല വി.സി ഡോ. റിജി ജോൺ എന്നിവർ ഒഴികെയുള്ളവർക്കാണ് കത്ത് നൽകിയത്. ഗവർണറുടെ നടപടിയെ ചോദ്യംചെയ്ത് വി.സിമാർ സമർപ്പിച്ച ഹരജി വെള്ളിയാഴ്ച ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് ഗവർണറുടെ നടപടി. നോട്ടീസ് ലഭിച്ചവരിൽ കാലാവധി പൂർത്തിയായ മുൻ വി.സിമാർക്ക് പകരം അവർ ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്ക് ഹിയറിങ്ങിന് ഹാജരാകാം. ഹരജി തീർപ്പാക്കുന്നതുവരെ വി.സിമാർക്ക് നേരത്തെ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ തുടർനടപടികൾ ഹൈകോടതി തടഞ്ഞിട്ടുണ്ട്.