/
18 മിനിറ്റ് വായിച്ചു

അധികാര വികേന്ദ്രീകരണം സംസ്ഥാനത്ത് വിപ്ലവം സൃഷ്ടിച്ചു -ഡോ. തോമസ് ഐസക്

പരിമിതികളൊരുപാടുണ്ടായിരുന്നുവെങ്കിലും അധികാര വികേന്ദ്രീകരണം സംസ്ഥാനത്ത് വലിയ മാറ്റങ്ങളാണുണ്ടാക്കിയതെന്ന് മുൻ ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെയും കിലയുടെയും നേതൃത്വത്തിൽ കണ്ണൂർ ശിക്ഷക് സദനിൽ സംഘടിപ്പിച്ച സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ആദ്യമായി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായുള്ള ദുരന്ത നിവാരണ മാനേജ്‌മെന്‍റ്​ പ്രാദേശിക സർക്കാരുകൾ കൈകാര്യം ചെയ്തത് കേരളത്തിലെ തദേശസ്ഥാപനങ്ങളാണ്. ഇത് ലോകത്തിനാകെ പുതിയ പാഠമായിരുന്നു. കേരളത്തിൽ ഭരണ തുടർച്ചയില്ലാത്തത് അധികാര വികേന്ദ്രീകരണത്തിന്‍റെ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ പ്രതീക്ഷക്കപ്പുറത്തുള്ള വികസനങ്ങളും കേരളത്തിലുണ്ടായി. തുടക്കത്തിൽ നിന്ന് വ്യത്യസ്തമായി ഉദ്യോഗസ്ഥർ നടത്തിപ്പുകാരായി വന്നതോടെ പിന്നീട് അധികാര വികേന്ദ്രീകരണ പ്രവർത്തനങ്ങളിൽ നിന്നും ജനങ്ങൾ പിന്നോട്ട് പോയി. താഴെത്തട്ടിൽ നിന്ന് സംയോജിത പദ്ധതികൾ ഉയർത്തിക്കൊണ്ടു വരുന്ന പ്രവർത്തനങ്ങൾ നടന്നില്ല. ലോക ബാങ്കിന് ഇത്തരം പദ്ധതിയുണ്ടായപ്പോൾ കേരളത്തിൽ നടപ്പാക്കിയ ആസൂത്രണ പ്രകൃയ ഇതാണെന്ന തെറ്റിദ്ധാരണ ഇടത് പക്ഷത്ത് നിന്ന് പോലും വിമർശമുണ്ടാകാൻ കാരണമായി. ഇതൊക്കെയാണെങ്കിലും സേവന രംഗത്ത് ഗുണപരമായ പ്രവർത്തനങ്ങളുണ്ടായി. നിർമ്മാണ രംഗത്തും മാറ്റങ്ങളുണ്ടായി,അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ച് ചാട്ടം തന്നെയുണ്ടായി. മാത്രമല്ല ജനാധിപത്യ വൽക്കരണത്തിൽ വലിയ പങ്കാണ് ഇതിലുടെ സാധ്യമായത്. ഇടപടാനുള്ള ജനാധിപത്യ ഇടം സൃഷ്ടിക്കപ്പെട്ടുവെന്നതാണ് അധികാര വികേന്ദ്രീകരണത്തിലൂടെയുണ്ടായ വലിയ മാറ്റമെന്നും അദ്ദേഹം പറഞ്ഞു.
ഡോ.വി. ശിവദാസൻ എം.പി അധ്യക്ഷനായി. പരിഷത് മുൻ പ്രസിഡന്‍റ്​ പ്രൊഫ പി.കെ. രവീന്ദ്രൻ സമീപന രേഖയും എം. ദിവാകരൻ ആമുഖ അവതരണവും നടത്തി. സെമിനാർ രേഖയുടെ പ്രകാശനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവഹിച്ചു. പരിഷത് മുൻ പ്രസിഡന്‍റ്​ ടി. ഗംഗാധരൻ, പ്രൊഫ ടിപി കുഞ്ഞിക്കണ്ണൻ, അഡ്വ.വി.എൻ. ഹരിദാസ്, അഡ്വ.ടി.കെ. സുജിത്ത് എന്നിവർ വിവിധ വിഷയാവതരണം നടത്തി.
ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യ, കില ഡയരക്ടർ ഡോ. ജോയ് ഇളമൺ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, സി. രവീന്ദ്രൻ (സി.പി.ഐ), അബ്ദുൾ കരീം ചേലേരി (മുസ്ലീം ലീഗ്), പരിഷത് സംസ്ഥാന വികസന ഉപസമിതി ചെയർമാൻ ഡോ.കെ. രാജേഷ്, പരിഷത് ജില്ല സെക്രട്ടറി പി.പി. ബാബു, പ്രസിഡന്‍റ്​ പി.കെ. സുധാകരൻ, കില ജില്ല കോ.ഓർഡിനേറ്റർ പി.വി. രത്‌നാകരൻ, ടി.വി. നാരായണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ.കെ. സുഗതൻ സ്വാഗതവും പി. സൗമിനി നന്ദിയും പറഞ്ഞു.
ഞായറാഴ്ച രാവിലെ പത്തിന് നടക്കുന്ന സെമിനാർ തദേശസ്ഥാപനങ്ങളും ആരോഗ്യ രംഗത്തെ ഇടപെടലും എന്ന വിഷയം അവതരിപ്പിച്ച് ഡോ.ബി. ഇക്ബാൽ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം തദേശ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷനാകും.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!