ശശി തരൂരിനെ എൻ.സി.പിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. തരൂരിന് ഏത് സമയവും എൻ.സി.പിയിലേക്ക് വരാമെന്ന് പി.സി. ചാക്കോ പ്രതികരിച്ചു. തരൂരിന്‍റെ വലിപ്പം മനസ്സിലാക്കാത്ത ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനം ശശി തരൂരിന് നല്‍കാമായിരുന്നുവെന്നും പി.സി. ചാക്കോ പറഞ്ഞു.
ശശി തരൂരിന്‍റെ കഴിവുകളെ ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയാറായിട്ടില്ല. വികസന കാര്യത്തില്‍ തരൂര്‍ രാഷ്ട്രീയം കാണിക്കാറില്ല. മറ്റ് നേതാക്കള്‍ അഴകൊഴമ്പന്‍ നിലപാടെടുക്കുമ്പോള്‍ തരൂരിന്‍റേത് വ്യക്തതയുള്ള നിലപാടാണ്. കോണ്‍ഗ്രസിലാണെങ്കിലും അല്ലെങ്കിലും തരൂരായിരിക്കും തിരുവനന്തപുരം എം.പിയെന്നും പി.സി. ചാക്കോ പ്രതികരിച്ചു.
അതേസമയം ഡി.സി.സികളെ അറിയിക്കാതെ സന്ദര്‍ശനം നടത്തുന്നു എന്ന വിവാദങ്ങള്‍ക്കിടെ തരൂര്‍ ഇന്ന് പത്തനംതിട്ടയില്‍ എത്തി. പന്തളം, അടൂര്‍ എന്നിവിടങ്ങളിലാണ് ശശി തരൂര്‍ സന്ദര്‍ശനം നടത്തിയത്. അടൂരില്‍ പങ്കെടുക്കുന്ന ബോധി ഗ്രാമിന്‍റെ പരിപാടിക്ക് രാഷ്ട്രീയമില്ല എന്ന് പറയുമ്പോഴും തരൂരിന്‍റെ സാന്നിധ്യം പരിപാടിക്ക് ഏറെ രാഷ്ട്രീയ മാനമാണ് നല്‍കുന്നത്. തരൂര്‍ പങ്കെടുക്കുന്ന പരിപാടികള്‍ പത്തനംതിട്ട ഡി.സി.സി പ്രസിഡന്‍റ് ബഹിഷ്‌കരിച്ചു.