കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ വനിതകൾക്കും യു.പി. വിദ്യാർത്ഥികൾക്കും വേണ്ടി സംഘടിപ്പിച്ച വായന മത്സരം ശ്രദ്ധേയമായി. ഗ്രന്ഥശാല,മേഖല തലങ്ങളിൽ വിജയികളായ യു.പി. വിദ്യാർത്ഥികളും വനിതകളുമുൾപ്പെടെ 120 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരം മുൻ ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ടി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സി. അംഗം എം.കെ. രമേശ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.കെ. വിജയൻ, പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, വി.കെ. പ്രകാശിനി, ടി. പ്രകാശൻ, മനോജ് കുമാർ പഴശ്ശി, പി. ജനാർദ്ദനൻ, എം. ബാലൻ എന്നിവർ സംസാരിച്ചു. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള എഴുത്തു പരീക്ഷ, ക്വിസ് മത്സരം, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്. മത്സരത്തിന് ഡോ. ജിസ ജോസ്, ടി.പി. വേണുഗോപാലൻ, സി.എം.സുജിത് കുമാർ. ഡോ. സവിത, സന്ധ്യ അരക്കൻ എന്നിവർ നേതൃത്വം നൽകി.