20 മിനിറ്റ് വായിച്ചു

വിഴിഞ്ഞം: സമവായശ്രമം ഊർജിതം ; ചർച്ച ഇന്ന്‌

വിഴിഞ്ഞം സമരസമിതി നടത്തുന്ന തുറമുഖവിരുദ്ധ സമരം ഒത്തുതീർക്കാനുള്ള സമവായ ശ്രമം സർക്കാർ ഊർജിതമാക്കി. ഇതിന്‍റെ ഭാഗമായി ചൊവ്വാഴ്‌ച വൈകിട്ട്‌ സമരസമിതി അംഗങ്ങളുമായി മന്ത്രിസഭാ ഉപസമിതി ചർച്ച നടത്തും. 5.30ന്‌ സെക്രട്ടറിയറ്റിലാണ്‌ ചർച്ച. സമരസമിതി ഉന്നയിച്ച പുതിയ ചില ആവശ്യങ്ങളടക്കം മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രിസഭാ ഉപസമിതി തിങ്കളാഴ്‌ച വൈകിട്ട്‌ ചർച്ച ചെയ്‌തു. തുടർന്നാണ്‌ സമരസമിതിയുമായി ചർച്ച നടത്താൻ ധാരണയായത്‌.
സമരസമിതിയും മന്ത്രിസഭാ ഉപസമിതിയും തിങ്കളാഴ്ച അനൗപചാരിക ചർച്ച നടത്തിയിരുന്നു. മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, വി. അബ്ദുറഹിമാൻ എന്നിവരും തുറമുഖമന്ത്രി അഹമ്മദ്‌ ദേവർകോവിലും പങ്കെടുത്തു. തിങ്കളാഴ്‌ച പകൽ മന്ത്രിസഭാ ഉപസമിതി അംഗംകൂടിയായ ഗതാഗതമന്ത്രി ആന്‍റണി രാജു, കർദിനാൾ ക്ലീമിസ് കാതോലിക്കാബാവാ, ലത്തീൻ അതിരൂപതാ ആർച്ച്‌ ബിഷപ്‌ തോമസ്‌ ജെ നെറ്റോ എന്നിവരുമായും ചർച്ച നടത്തി.

ശനിയാഴ്‌ച കർദിനാൾ ക്ലീമിസ് കാതോലിക്കാബാവാ മുഖ്യമന്ത്രിയെ സെക്രട്ടറിയറ്റിലെത്തി കണ്ടിരുന്നു. അന്ന്‌ തോമസ്‌ ജെ നെറ്റോ, സമരസമിതി കൺവീനർ യൂജിൻ പെരേര എന്നിവരുമായും ക്ലീമിസ് കാതോലിക്കാബാവാ കൂടിക്കാഴ്‌ച നടത്തി. തിങ്കളാഴ്‌ച തലസ്ഥാനത്തെ മതമേലധ്യക്ഷന്മാരും സാമൂഹിക രാഷ്‌ട്രീയരംഗത്തെ പ്രമുഖരുമടങ്ങുന്ന സംഘം വിഴിഞ്ഞം സമരസമിതി വേദികളിൽ സന്ദർശനം നടത്തി. സംഘത്തിൽ ലത്തീൻ അതിരൂപതാ മുൻ ആർച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യവുമുണ്ടായിരുന്നു. ആവശ്യമെങ്കിൽ സർക്കാരുമായും സമരസമിതിയുമായും മധ്യസ്ഥതയ്‌ക്ക്‌ തയ്യാറാണെന്ന്‌ ഇവർ വ്യക്തമാക്കി. ഗാന്ധിസ്‌മാരക നിധിയുടെ നേതൃത്വത്തിലും സംഘർഷസാധ്യത ലഘൂകരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്‌.

വിഴിഞ്ഞം പൊലീസ്‌ സ്‌റ്റേഷൻ ആക്രമിച്ചുള്ള കലാപശ്രമത്തിൽ മൂവായിരം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്‌. അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. തുറമുഖപദ്ധതി നിർമാണത്തിന്‌ കേന്ദ്രസേനയുടെ സംരക്ഷണം ആവശ്യപ്പെട്ടുള്ള അദാനി പോർട്ട്‌ അധികൃതരുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്‌.

വിഴിഞ്ഞം സമരവേദി സന്ദർശിച്ച്‌ മതമേലധ്യക്ഷന്മാർ
സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് തലസ്ഥാനത്തെ മതമേലധ്യക്ഷന്മാരും സാംസ്കാരിക രംഗത്തെ പ്രമുഖരും വിഴിഞ്ഞം സമരവേദിയിലെത്തി. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതിയുടെ പന്തലും തുറമുഖത്തിനായി സമരം ചെയ്യുന്ന ജനകീയസമരസമിതിയുടെ പന്തലും സംഘം സന്ദർശിച്ചു.

ലത്തീൻ അതിരൂപത മുൻ ആർച്ച്‌ ബിഷപ്‌ സൂസെപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, പാളയം ഇമാം വി പി സുഹൈബ് മൗലവി, മാർത്തോമാ സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ബിഷപ്‌ മാർ ബർണബാസ് മെത്രാപോലീത്ത, ഏകലവ്യ ആശ്രമം സ്വാമി അശ്വതി തിരുനാൾ, മലങ്കര കത്തോലിക്കാ സഭ സഹായ മെത്രാൻ ബിഷപ്‌ യോഹന്നാൻ മാർ പോളി കാർപ്പസ്, ഗാന്ധി സ്മാരക നിധി ചെയർമാൻ എൻ രാധാകൃഷ്ണൻ, നയതന്ത്രവിദഗ്‌ധൻ ടി പി ശ്രീനിവാസൻ തുടങ്ങിയവരടങ്ങിയ സംഘമാണ്‌ തിങ്കളാഴ്‌ച സന്ദർശിച്ചത്‌. വിഴിഞ്ഞം പൊലീസ്‌ സ്റ്റേഷൻ ആക്രമണത്തിനിടെ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ കോട്ടപ്പുറത്തെ കമ്മ്യൂണിറ്റി ഹാളിൽ എത്തി കണ്ടശേഷമായിരുന്നു സമരവേദിയിലെത്തിയത്‌.
എല്ലാവരും സമാധാനത്തിനായി ശ്രമിക്കണമെന്ന്‌ സന്ദർശനശേഷം ബിഷപ്‌ സൂസെപാക്യം മാധ്യമങ്ങളോട്‌ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!