11 മിനിറ്റ് വായിച്ചു

കടുവതന്നെ; വേണം ജാഗ്രത

ഉളിക്കൽ, പായം പഞ്ചായത്ത്‌ പ്രദേശങ്ങളിൽ മൂന്ന്‌ ദിവസമായി ജനങ്ങളുടെ ഉറക്കം കെടുത്തിയത്‌ കടുവതന്നെയെന്ന്‌ വനംവകുപ്പ്‌ സ്ഥിരീകരിച്ചു. പായത്തെ വിളമനയിൽ തിങ്കൾ രാവിലെ കണ്ടെത്തിയ കാൽപ്പാടുകൾ പരിശോധിച്ചാണ്‌ വനംവകുപ്പ്‌ തളിപ്പറമ്പ് റേഞ്ചർ പി രതീഷിന്‍റെ നേതൃത്വത്തിലുള്ള വനപാലകസംഘം ജനവാസമേഖലയിൽ ഇറങ്ങിയത്‌ കടുവയെന്ന്‌ സ്ഥിരീകരിച്ചത്. തോട്ടിൽ രണ്ടിടത്തെ കാൽപ്പാദത്തിന്‍റെ അളവെടുത്തു. ഫോട്ടോയെടുത്ത്‌ വന്യജീവി വിഭാഗം മേധാവികൾക്ക്‌ അയച്ചശേഷമാണ്‌ കടുവയുടേതെന്ന്‌ ഉറപ്പിച്ചത്‌.
ഉളിക്കൽ, പായം പഞ്ചായത്തുകളിലെ എട്ട്‌ വാർഡുകളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. കടുവാ സാന്നിധ്യമുള്ള മേഖലയിൽ ജനങ്ങൾ ഒറ്റയ്‌ക്ക്‌ സഞ്ചരിക്കരുതെന്നും നാലു ചക്രവാഹന യാത്രയാണ് ഉചിതമെന്നും അധികൃതർ നിർദേശിച്ചു.
പുലർച്ചെ ആരാധനാലയങ്ങളിൽ പോകുന്നവരും ക്ഷീരകർഷകരും ടാപ്പിങ് തൊഴിലാളികളും പത്രവിതരണക്കാരും പ്രഭാത സവാരിക്കാരും പ്രത്യേക ജാഗ്രത പുലർത്തണം. ആളുകൾ കൂട്ടംചേർന്ന്‌ പോകുന്നതാണ്‌ സുരക്ഷിതമെന്നും വനം, പൊലീസ്‌, തദ്ദേശ വകുപ്പിന്‍റെ ജാഗ്രതാ നിർദേശം പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
കടുവ സാന്നിധ്യം ഉറപ്പിച്ച വിളമന മേഖലയിൽ വനംവകുപ്പ്‌ പത്ത്‌ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. രണ്ടു ദിവസത്തെ നിരീക്ഷണത്തിനുശേഷം ആവശ്യമെങ്കിൽ കൂട്‌ സ്ഥാപിക്കും. വനം, പൊലീസ്‌ വകുപ്പുകളുടെ നേതൃത്വത്തിൽ നാലുയൂണിറ്റുകൾ പട്രോളിങ് തുടങ്ങി.
ഇരട്ടി സി.ഐ കെ.ജെ. ബിനോയ്, ഉളിക്കൽ സി.ഐ സുധീർ കല്ലൻ, സെക്ഷൻ ഫോറസ്റ്റർ കെ. ജിജിൽ, ശ്രീകണ്ഠാപുരം സെക്ഷൻ ഫോറസ്റ്റർ കെ.പി. വിജയനാഥ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും വനപാലകരും ഇരിട്ടി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പായം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്‍റ്​ എം. വിനോദ്‌കുമാർ, ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.സി. ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാരും സ്ഥലത്തെത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!