തിരുവനന്തപുരം ഫോറസ്റ്റ് ഇൻറലിജൻസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ. രാമന്‍റെ നിർദേശാനുസരണം കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പയ്യന്നൂർ ചെറുപുഴ റോഡിൽ പാടിയോട്ടുചാലിന് സമീപത്ത് നിന്നാണ് കസ്തൂരി പിടികൂടിയത്. പാടിയോട്ടുചാലിന് സമീപത്തെ ആൾ താമസമില്ലാതെ ഒരു പഴയ വീടിന് സമീപത്ത് നിന്ന് കസ്തൂരി മാനിൽ നിന്നും ശേഖരിച്ച കസ്തൂരി പത്തനംതിട്ട സ്വദേശികൾക്ക് വിൽപനയ്ക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് പാടിയോട്ടുചാൽ സ്വദേശികളായ റിയാസ് എം, സാജിദ് ടി.പി, ആസിഫ് കെ എന്നിവർ പിടിയിലായത്. പത്തനംതിട്ട സ്വദേശികൾ ഇത് വാങ്ങുന്നതിനായി പയ്യന്നൂരിൽ ഇവരെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. 5 കോടി രൂപയ്ക്ക് വില പറഞ്ഞ് ഉറപ്പിച്ചാണ് സംഘം വിൽപനയ്ക്കായി കൊണ്ടുപോയത്. വന്യജീവി സംരക്ഷണ നിയമം 1972 ലെ ഷെഡ്യൂൾ I ൽ പെട്ട് സംരക്ഷിച്ച് വരുന്ന കസ്തൂരി മാനിനെ വേട്ടയാടി കൊന്നാണ് കസ്തൂരി ശേഖരിക്കുന്നത്. ഇത് മൂന്ന് മുതൽ എട്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇതിന് അന്താരാഷ്ട്ര മാർക്കറ്റിൽ കോടികളുടെ മോഹ വിലയാണ് ഇതിന്‍റെ അനധികൃത വ്യാപാരികൾ നൽകുന്നത്. കസ്തൂരിയുടെ മണമാണ് ഇതിന്‍റെ മോഹവിലയ്ക്ക് കാരണം. സാധാരണ കസ്തൂരി മാനുകളെ കാണുന്നത് ഹിമാലയൻ സാനുക്കളിൽ ആണ്. ഈ കുറ്റകൃത്യം പിടികൂടുന്നതിന് കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റർ കെ.വി. ജയപ്രകാശൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ (ഗ്രേഡ്) കെ. ചന്ദ്രൻ, പി. ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ ഹരിദാസ് ഡി, ലിയാണ്ടർ എഡ്വേർഡ്, ശിവശങ്കർ കെ.വി, സുബിൻ പി.പി, സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി. പ്രജീഷ് എന്നിവരും ഉണ്ടായിരുന്നു. കേസ് തുടർ നടപടികൾക്കായി തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറെ ഏൽപ്പിച്ചു.