കണ്ണൂർ നായാട്ടുപാറയിൽ കാലിത്തീറ്റ കഴിച്ച 8 പശുക്കൾ ചത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ്. പശുക്കൾക്ക് നൽകിയ കേരള ഫീഡ്‌സ് കാലിത്തീറ്റയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. കാലിത്തീറ്റയിൽ നിന്നുള്ള വിഷബാധയെന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂർ നായാട്ടുപാറ കോവൂരിലെ ഡയറി ഫാമിൽ 8 പശുക്കളാണ് അസാധാരണ സാഹചര്യത്തിൽ ചത്തത്. കേരള സർക്കാർ ഉൽപന്നമായ കേരള ഫീഡ്‌സ് കാലിത്തീറ്റയാണ് ഫാമിലെ പശുക്കൾക്ക് നൽകിയിരുന്നത്. നവംബർ 21ന് ഫാമിലേക്ക് എത്തിച്ച 100 ചാക്ക് കേരള ഫീഡ്‌സ് കാലിത്തീറ്റ കഴിച്ച പശുക്കൾ അവശരായി. ഒരാഴ്ചക്കിടെ 3 പശുക്കളും 5 കിടാക്കളും ചത്തു. പാൽ ഉൽപാദനത്തെയും ബാധിച്ചു.
ഉപേക്ഷിച്ച കാലിത്തീറ്റ കഴിച്ച 5 കോഴികളും ചത്തതായി ഫാം ഉടമ പറയുന്നു. ഈ സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആദ്യം ചത്ത പശുവിന്‍റെ പോസ്റ്റ്‌മോർട്ടം നടത്തി. കേരള ഫീഡ്‌സ് കലിത്തീറ്റയുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. കാലിത്തീറ്റ വഴിയുള്ള വിഷബാധയെന്നാണ് പ്രാഥമിക നിഗമനമെന്ന് അധികൃതർ വ്യക്തമാക്കി.