സാംസ്‌കാരിക അധിനിവേശങ്ങൾക്കെതിരായ ചെറുത്തുനിൽപ്പുകൾക്ക് കൊച്ചി – മുസിരിസ് ബിനാലെ കരുത്തുപകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒറ്റ വംശം, ഭാഷ, വേഷം തുടങ്ങിയ പ്രതിലോമ ആശയങ്ങൾ അധിനിവേശത്തിന് ശ്രമിക്കുമ്പോൾ സാംസ്‌കാരിക വൈവിധ്യങ്ങളുടെ പ്രതിരോധമുയർത്തലാണ് ബിനാലെയുടെ രാഷ്‌ട്രീയമാനമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി-മുസിരിസ് ബിനാലെയുടെ അഞ്ചാംപതിപ്പ് ഫോർട്ട് കൊച്ചി പരേഡ് മൈതാനത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാവിഭാഗം ജനങ്ങൾക്കും അവസരമൊരുക്കുന്ന ജനാധിപത്യസമീപനമാണ് ബിനാലെക്കുള്ളത്. സംസ്‌കാരമെന്നത് പൊതുമണ്ഡലത്തിൽനിന്ന് വേറിട്ടുനിൽക്കുന്ന ഒന്നല്ല. സമൂഹത്തിൽ സാധാരണമായത് എന്താണോ അതാണ് സംസ്‌കാരം. അത് വേദന അനുഭവിക്കുന്നവരോടുള്ള സഹാനുഭൂതികൂടിയാണ്. അനീതികൾക്കെതിരായ പോരാട്ടങ്ങളുടെ മാറ്റൊലി ബിനാലെയിലെ സൃഷ്‌ടികളിൽ പ്രതിഫലിക്കും. സാംസ്‌കാരികരംഗത്ത് കാര്യക്ഷമമായി ഇടപെട്ട്, സാമൂഹിക പുരോഗതിക്ക് ആക്കംകൂട്ടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. 10 വർഷത്തിനിടെ അഭിമാനകരമായി വളർന്ന ബിനാലെയുടെ പ്രാധാന്യം ഉൾക്കൊണ്ടാണ് ഇത്തവണ ഏഴുകോടി രൂപ സർക്കാർ അനുവദിച്ചത്. ഇന്ത്യയിൽ സാംസ്‌കാരിക പരിപാടിക്ക് നൽകുന്ന ഏറ്റവും വലിയ സർക്കാർ സഹായമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്‍റ് ബോസ് കൃഷ്‌ണമാചാരി ആമുഖ പ്രഭാഷണം നടത്തി. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ. മാക്‌സി, ടി.ജെ. വിനോദ്, മുൻ മന്ത്രി കെ.വി. തോമസ്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവേൽ ലെനെയിൻ, കോസ്റ്റ് ഗാർഡ് കമാൻഡർ എൻ. രവി, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റികൂടിയായ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദ് എന്നിവർ സംബന്ധിച്ചു.