ഫൈനൽ മത്സരത്തിന് ശേഷം ലോകകപ്പ് മത്സരങ്ങളിൽ നിന്ന് വിരമിക്കുമെന്ന് ലയണൽ മെസി. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ പെനാല്‍റ്റിയില്‍ നിന്ന് ഗോള്‍ നേടുകയും ജൂലിയന്‍ അല്‍വാരസ് നേടിയ മറ്റ് രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌ത ശേഷമാണ് അര്‍ജന്‍റീന ക്യാപ്റ്റന്‍ ഇക്കാര്യം പറഞ്ഞത്.
‘ലോകകപ്പിലെ എന്‍റെ യാത്ര ഒരു ഫൈനലില്‍ അവസാനിപ്പിക്കാനായതില്‍, അവസാനമത്സരമായി ഒരു ഫൈനല്‍ കളിക്കാന്‍ സാധിക്കുന്നതില്‍ ഞാന്‍ വളരെ സന്തുഷ്‌ടനാണ്. അത് ശരിക്കും സന്തോഷകരമാണ്. അര്‍ജന്‍റീനയില്‍ എത്രമാത്രം ആസ്വദിച്ചുവെന്ന് കാണുമ്പോള്‍, ഈ ലോകകപ്പിലെ എന്‍റെ ഓരോ നിമിഷവും വികാരഭരിതമാണ്. അടുത്തതിനായി ഇനി മുന്നില്‍ ഒരുപാട് വര്‍ഷങ്ങളുണ്ട്. എന്നാല്‍ എനിക്കത് ചെയ്യാനാകുമെന്ന് തോന്നുന്നില്ല. ഈ രീതിയില്‍ അവസാനിപ്പിക്കുന്നതാണ് നല്ലത് -അദ്ദേഹം പറഞ്ഞു.
ഇന്നത്തെ മത്സരത്തോടെ ലോകകപ്പിൽ അർജന്‍റീനയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ലയണൽ മെസി. ക്രൊയേഷ്യക്കെതിരായി സെമിയിൽ ലക്ഷ്യം കണ്ടതോടെ അർജന്‍റീന കുപ്പായത്തിൽ 11 ഗോളായി മെസിക്ക്. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെ (10) മറികടന്നു. മത്സരത്തിൽ മറ്റൊരു റെക്കോഡും മുപ്പത്തഞ്ചുകാരൻ കുറിച്ചു. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരമെന്ന ജർമൻ ഇതിഹാസം ലോതർ മതേവൂസിന്‍റെ നേട്ടത്തിനൊപ്പമെത്തി. ഇരുവരും 25 കളിയിലിറങ്ങി. അഞ്ചാം ലോകകപ്പിലാണ് മെസി 25 -ാം കളിക്കിറങ്ങിയത്. 2006 മുതൽ എല്ലാ പതിപ്പിലും പന്തുതട്ടി. 11 ഗോളും എട്ട് ഗോളവസരങ്ങളും സ്വന്തംപേരിലുണ്ട്.