ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽ ആ രാത്രി ലയണൽ മെസിയും ജൂലിയൻ അൽവാരെസും മാന്ത്രികരായി. അർജന്‍റീന അതിശക്തരായി. ക്രൊയേഷ്യയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്ത് അർജന്‍റീന ലോകകപ്പിന്‍റെ ഫൈനലിലേക്ക് കുതിച്ചു. ഇന്ന് നടക്കുന്ന ഫ്രാൻസ്– മൊറോക്കോ സെമിയിലെ വിജയികളുമായാണ് കിരീടപ്പോരാട്ടം. 18നാണ് ഫൈനൽ.
ഇരട്ടഗോളുമായി അൽവാരെസ് മിന്നിയപ്പോൾ നോക്കൗട്ടിൽ തുടർച്ചയായ മൂന്നാം ഗോളുമായി മെസി പട നയിച്ച നായകനായി. ആദ്യ കളിയിൽ സൗദി അറേബ്യയോട് തോറ്റശേഷമായിരുന്നു ലാറ്റിനമേരിക്കൻ വമ്പൻമാരുടെ മനോഹരമായ തിരിച്ചുവരവ്. 1990ൽ കാമറൂണിന് തോറ്റ് തുടങ്ങി, ഫൈനൽവരെ കുതിച്ച ടീമിനെ ഓർമിപ്പിക്കുന്ന പ്രകടനം. പെനൽറ്റിയിലൂടെയായിരുന്നു മെസിയുടെ ഗോൾ. ഈ ലോകകപ്പിലെ അഞ്ചാംഗോൾ. അൽവാരെസിന്‍റെ രണ്ടാംഗോളിന് അവസരവുമൊരുക്കി. റഷ്യൻ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്‍റീനയെ മൂന്ന് ഗോളിന് ക്രൊയേഷ്യ തോൽപ്പിച്ചിരുന്നു. ഇക്കുറി ബ്രസീലിനെ തോൽപ്പിച്ചായിരുന്നു ക്രൊയേഷ്യ സെമിയിൽ എത്തിയത്