ബംഗളൂരുവിൽ പതിനാറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 73കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. പെൺകുട്ടിയുടെ അയൽവാസിയും കെട്ടിട നിർമാണ തൊഴിലാളിയുമായ കുപ്പണ്ണ എന്ന 73കാരനെയാണ് തല്ലിക്കൊന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ മൂന്ന് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
വീടിന് മുകളിൽ ഉണക്കാനിട്ടിരുന്ന യൂണിഫോം എടുക്കാൻ പോയ പെൺകുട്ടിയെ ഇയാൾ വീട്ടിലേക്ക് വിളിച്ചുെകാണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അയൽവാസിയുടെ വീട്ടിൽ നിന്നാണ് ബോധരഹിതയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കിയത്.
ഇതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ വീട്ടിൽ തിരിച്ചെത്തി 73കാരനെ ചോദ്യം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. പിന്നീട് ഇവർ പൊലീസിൽ പരാതിയും നൽകി. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും 73കാരൻ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ബന്ധുക്കൾക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തത്.