16 മിനിറ്റ് വായിച്ചു

മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾനീക്കും – മന്ത്രി എം.ബി. രാജേഷ്

കേരളം മാലിന്യസംസ്കരണത്തിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അതിൽ തന്നെ കൂടുതൽ പ്രാധാന്യം മലിനജലസംസ്‌കരണത്തിനാണെന്നും മന്ത്രി എം.ബി. രാജേഷ്. മെഡിക്കൽ കോളേജ് സ്വിവറേജ് ട്രീറ്റ്മെന്‍റ്​ പ്ലാൻറിന്‍റെ പ്രവർത്തനം നേരിട്ടുകണ്ട് മനസിലാക്കിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം ഇതുവരെ സ്വീകരിച്ച നടപടികളിൽ ഗ്രീൻ ട്രിബ്യൂണൽ തൃപ്‌തി അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന് പിഴ ചുമത്തിയില്ല. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും കൂടി 28,800 കോടി രൂപ പിഴയിട്ടു.

മാലിന്യ സംസ്കരണത്തിന് കേരളം സ്വീകരിച്ച നടപടികളിൽ മതിപ്പു പ്രകടിപ്പിക്കുകയും ചെയ്തു. ആറുമാസം കഴിഞ്ഞ് വീണ്ടുമൊരു അവലോകനമുണ്ടാകും. അതിനുള്ളിൽ ഇപ്പോൾ കേരളം വിഭാവനം ചെയ്യുന്ന മാലിന്യ സംസ്കരണ പദ്ധതി കൂടി നടപ്പാക്കുകയും അതിൽ പുരോഗതി കൈവരിക്കുകയും വേണം. ഇതിനകം നല്ല പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. മലിനജല സംസ്കരണത്തിന്‍റെ കാര്യത്തിൽ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. ആ തെറ്റിദ്ധാരണകളെ ബോധപൂർവം ആളിക്കത്തിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ട്. അതിനെ ചെറുക്കേണ്ടത് പ്രധാനമാണ്. അതുകൂടി ഉദ്ദേശിച്ചുകൊണ്ടാണ് ഈ സന്ദർശനം നടത്തിയത്.

മെഡിക്കൽ കോളേജിലെ സിവറേജ് ട്രീറ്റ്മെൻറ് പ്ലാൻറിന്‍റെ പ്രവർത്തനം മനസിലാക്കി. ടാങ്കിൽ വന്നുനിറയുന്ന മലിനജലത്തിന് നാലുലെവൽ ഫിൽറ്ററിംഗും ട്രീറ്റ്മെൻറും കഴിഞ്ഞുവന്നശേഷം യാതൊരുവിധ ദുർഗന്ധവുമില്ലെന്ന് ബോധ്യപ്പെട്ടു. ഇപ്പോൾ ജലസേചനത്തിന് ഉപയോഗിക്കാവുന്ന വെള്ളം ഒരു ട്രീറ്റ്മെൻറ് കൂടി കഴിഞ്ഞാൽ മറ്റ് ആവശ്യങ്ങൾക്കു കൂടി ഉപയോഗിക്കാവുന്ന വിധത്തിൽ ഗുണമേന്മ മെച്ചപ്പെടും. അങ്ങേയറ്റം മലിനമായ ജലം ശാസ്ത്രീയമായി സംസ്കരിക്കാമെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞു. ഈ വസ്തുത ജനങ്ങളിലെത്തണമെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ നിരവധി സ്വിവറേജ് ട്രീറ്റ്മെൻറ് പ്ലാൻറുകൾ നടപ്പാക്കുന്നുണ്ട്. അതിന് ഫണ്ട് ഒരു തടസമല്ല. ശുചിത്വമിഷൻ, അമൃത് തുടങ്ങിയ പദ്ധതികൾ വഴി മാലിന്യസംസ്കരണം സാധ്യമാക്കാൻ കഴിയും. അതിന് ജനങ്ങളുടെ സഹകരണം ആവശ്യമാണ്. ആശങ്കകളും തെറ്റിദ്ധാരണകളും അകറ്റേണ്ടതുണ്ട്. ഒരുതരം അന്ധവിശ്വാസത്തോളം പോന്ന തെറ്റിദ്ധാരണകൾ വരെയുണ്ട്. അതുമാറ്റിയെടുക്കാൻ വിപുലമായ ബോധവത്കരണ പരിപാടികൾ ആവശ്യമാണ്.

ബഫർസോൺ വിഷയത്തിൽ ഒരു ആശങ്കയുടെയും ആവശ്യമില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ജനങ്ങളുടെ പക്ഷത്താണ് സർക്കാർ നിൽക്കുന്നത്. ബഫർസോൺ വിഷയം ഏറ്റവും ഫലപ്രദമായ രീതിയിൽ തന്നെ സർക്കാർ കൈകാര്യം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടിമേയർ പി.കെ. രാജു, വാർഡ് കൗൺസിലർ ഡി.ആർ. അനിൽ, വാട്ടർ അതോറിറ്റി അധികൃതർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!