കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വികസനം വേഗത്തിലാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തരനടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത്. വിദേശ വിമാന കമ്പനികൾക്ക് കണ്ണൂരിൽനിന്ന് പ്രവർത്തനാനുമതി നൽകണം. വിമാനത്താവളത്തിൽ പോയിന്റ് ഓഫ് കാൾ സ്റ്റാറ്റസ് അനുവദിച്ചിട്ടില്ല. ഹജ്ജ് എംബാർക്കേഷൻ അനുവദിക്കണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയം കണ്ണൂർ വിമാനത്താവളത്തെ അവഗണിക്കുകയാണ്. ഇതുമൂലം വിമാനത്താവള വികസനവും മുരടിക്കുകയാണ്. വിദേശ വിമാന കമ്പനികളില്ലാത്തതിനാൽ വിദേശയാത്രയ്ക്ക് ഭീമമായ തുകയാണ് ഈടാക്കുന്നത്. അതിനാൽ, യാത്രികർ മറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കുകയാണ്. ആവശ്യമായ ആഭ്യന്തര വിമാന സർവീസുമില്ലെന്നും പ്രമേയത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ പിന്താങ്ങി.
വിദ്യാർഥികൾക്ക് ആവശ്യമായ ലഘുഭക്ഷണം, സ്റ്റേഷനറി ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കിയോസ്കുകൾ സ്കൂളുകളിൽ തുടങ്ങാൻ കുടുംബശ്രീ യൂണിറ്റുകൾക്ക് തുക അനുവദിക്കാൻ യോഗം തീരുമാനിച്ചു. മുറി ഉൾപ്പെടെ ഒരുക്കാൻ ഒന്നര ലക്ഷം രൂപയും മുറി ഉള്ളവർക്ക് 50,000 രൂപയുമാണ് അനുവദിച്ചത്. വിവിധ സ്ത്രീ സംരംഭകർക്കും ഗ്രൂപ്പുകൾക്കും സഹായം നൽകും. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആയോധന കലാ പരിശീലനത്തിന് അപേക്ഷിച്ച 24 പഞ്ചായത്തുകളിൽ കരാട്ടെ, അഞ്ച് പഞ്ചായത്തുകളിൽ കളരി എന്നിവ പരിശീലിപ്പിക്കാനും തീരുമാനിച്ചു.
യോഗത്തിൽ പി.പി. ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, സ്ഥിരംസമിതി അധ്യക്ഷരായ യു.പി. ശോഭ, അഡ്വ.കെ.കെ. രത്നകുമാരി, അഡ്വ.ടി. സരള, വി.കെ. സുരേഷ്ബാബു എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. തോമസ് വെക്കത്താനം, മുഹമ്മദ് അഫ്സൽ, എൻ.പി. ശ്രീധരൻ, സി.പി. ഷിജു, കെ.വി. ബിജു, കെ. സുധാകരൻ, ടി. തമ്പാൻ, എം. രാഘവൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇൻ ചാർജ് റ്റൈനി സൂസൺ ജോൺ സ്വാഗതം പറഞ്ഞു.
കണ്ണൂർ വിമാനത്താവളം വികസനം വേഗത്തിലാക്കണം -ജില്ലാ പഞ്ചായത്ത്
Image Slide 3
Image Slide 3