കണ്ണൂര്‍ സെന്‍റ് ആഞ്ജലോ കോട്ടയുടെ പൈതൃകം കാത്തു സൂക്ഷിക്കുന്ന വിധത്തില്‍ കോട്ടയുടെ പരിപാലനം ഉറപ്പ് വരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ നിര്‍ദ്ദേശം. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ തൃശ്ശൂര്‍ സര്‍ക്കിള്‍ സൂപ്പര്‍ ഇന്‍റന്‍റിങ് ആര്‍ക്കിയോളജിസ്റ്റ് കെ. രാമകൃഷ്ണ റഡ്ഡിക്കാണ് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ബുധനാഴ്ച വൈകുന്നേരം കോട്ട സന്ദര്‍ശിച്ച ശേഷമാണ് കോട്ടയുടെ കാട് പിടിച്ച് കിടക്കുന്ന ഭാഗങ്ങള്‍ വൃത്തിയാക്കാനും തുരുമ്പെടുത്ത് നശിച്ച കസേരകള്‍ മാറ്റാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഭാരതത്തിന്‍റെ ചരിത്രത്തില്‍ നിർണായക സ്ഥാനമുള്ള പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ കോട്ടയുടെ ഭാഗങ്ങള്‍ കാട് പിടിച്ച് കിടക്കുന്നത് മന്ത്രി ആശങ്കയോടെയാണ് നോക്കിക്കണ്ടത്.
2016 ല്‍ 3.8 കോടി രൂപ മുടക്കി ആരംഭിച്ച ലൈറ്റ് ആന്‍റ് സൗണ്ട് ഷോയുടെ ഭാഗമായി സ്ഥാപിച്ച കസേരകള്‍ ഇപ്പോള്‍ തുരുമ്പെടുത്ത് നശിച്ച സ്ഥിതിയിലാണ്. ഡി.ടി.പി.സിക്കാണ് ഇതിന്‍റെ നടത്തിപ്പിന്‍റെ ചുമതല. കോട്ടയുടെ ചില ഭാഗങ്ങള്‍ കാട് കെട്ടിക്കിടക്കുന്ന നിലയിലാണ്. തുരുമ്പെടുത്ത കസേരകള്‍ നീക്കം ചെയ്ത് കാട് വെട്ടിത്തെളിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ബി.ജെ.പി ജില്ല സെക്രട്ടറി ബിജു ഏളക്കുഴി, കണ്ണൂര്‍ മണ്ഡലം പ്രസിഡന്‍റ് അര്‍ച്ചന വണ്ടിച്ചാല്‍, ജനറല്‍ സെക്രട്ടറി ബിനില്‍ കണ്ണൂര്‍, ട്രഷറര്‍ അജയകുമാര്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
കണ്ണൂർ കോട്ടയുടെ പരിപാലനം ഉറപ്പുവരുത്താൻ കേന്ദ്ര മന്ത്രിയുടെ നിർദേശം
Image Slide 3
Image Slide 3