ന്യൂനപക്ഷത്തോടൊപ്പം ഭൂരിപക്ഷ സമുദായത്തെയും ഒപ്പം നിർത്തണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കെ. മുരളീധരൻ എം.പി. ഹിന്ദുക്കളുടെ ഹോള്‍സെയില്‍ അവകാശം ബി.ജെ.പിക്കില്ലെന്ന് മുരളീധന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഹിന്ദുത്വത്തെ ബി.ജെ.പിക്ക് വിട്ടു കൊടുക്കുന്നതിന് തുല്യമാണെന്നും അത്തരം ചർച്ചകൾ കേരളത്തിൽ ഉണ്ടാക്കുന്നത് സി.പി.എം ആണെന്നും കെ മുരളീധരൻ പറഞ്ഞു. വിശ്വാസികള്‍ക്ക് പ്രാധാന്യം നല്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായും മതത്തെ മതപരമായും കാണണം. ആ നിലപാടാണ് കോണ്‍ഗ്രസ് എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം എന്നീ വാക്കുകൾ യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണ്. മൃദുഹിന്ദുത്വം എന്ന വിമർശനം ഒരിക്കൽ പോലും മുസ്ലിം ലീഗ് നടത്തിയിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി. സമൂഹത്തെ വിഭജിക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ അതിന് വളം വെച്ചുകൊടുക്കരുത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.