എ.കെ. ആന്റണിയുടേത് മൃദു ഹിന്ദുത്വ നിലപാടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസ് കാലാകാലങ്ങളായി പിന്തുടരുന്ന മൃദുഹിന്ദുത്വ നിലപാട് ആന്റണി ആവർത്തിക്കുകയാണ്. ആർ.എസ്.എസിനെയും സംഘപരിവാറിനെയും നേരിടാൻ കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാട് കൊണ്ടാവില്ലെന്നും കോൺഗ്രസിന്റേത് വർഗീയ പ്രീണന നയമെന്നും അദ്ദേഹം പ്രതികരിച്ചു.
കുറി തൊടുന്നവരെയും അമ്പലത്തില്‍ പോകുന്നവരെയും മൃതുഹിന്ദുത്വം പറഞ്ഞ് മാറ്റിനിര്ത്തരുതെന്നായിരുന്നു എ.കെ. ആന്റണിയുടെ പ്രസ്താവന. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ. മുരളീധരനും അടക്കം എ.കെ. ആന്റണിയെ പിന്തുണച്ചു രംഗത്തുവരികയും ചെയ്തു.
ഇതിനിടെ ആരാധനാലയങ്ങളില്‍ പോകുന്നതും ചന്ദനക്കുറിയിടുന്നതും വര്‍ഗീയതയുടെ അടയാളമല്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ അഭിപ്രായം നാളിതുവരെ കോണ്‍ഗ്രസ് അനുവര്‍ത്തിച്ച് വന്ന പൊതുരാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതികരിച്ചു. അതേസമയം കോണ്‍ഗ്രസ് സാമൂദായിക സംഘടനയല്ലെന്നായിരുന്നു രാജമോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചത്.