ന്യൂസീലഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഉച്ചക്ക് 1.30ന് ആരംഭിക്കും. കെഎൽ രാഹുൽ, ശ്രേയാസ് അയ്യർ എന്നിവർ ഇന്ത്യൻ ടീമിൽ ഇല്ല. പരുക്കിനെ തുടർന്ന് ശ്രേയാസ് അയ്യർ പുറത്തായപ്പോൾ വ്യക്തിപരമായ കാരണങ്ങളാലാണ് രാഹുൽ വിട്ടുനിൽക്കുന്നത്.
രാഹുൽ കളിക്കാത്തതിനാൽ ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറായി കളിക്കും. സെക്കൻഡ് ചോയിസ് വിക്കറ്റ് കീപ്പറായി കെഎസ് ഭരത് ടീമിലുണ്ട്. ശ്രേയാസ് അയ്യരിൻ്റെ അഭാവത്തിൽ സൂര്യകുമാർ യാദവിന് പരമ്പരയിലുടനീളം അവസരം ലഭിക്കുകയും ചെയ്യും. ശ്രേയാസിനു പകരം രജത് പാടിദാർ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.ഇഷാൻ കിഷൻ ന്യൂസീലൻഡിനെതിരെ മധ്യനിരയിൽ ബാറ്റ് ചെയ്യുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ വ്യക്തമാക്കിയിരുന്നു. “കിഷൻ ന്യൂസീലൻഡിനെതിരെ മധ്യനിരയിൽ ബാറ്റ് ചെയ്യും. ബംഗ്ലാദേശിനെതിരായ തകർപ്പൻ ഇന്നിംഗ്സിനു ശേഷം കിഷന് അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ട്.”- രോഹിത് പറഞ്ഞു. ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ കിഷൻ പിന്നീട് ശ്രീലങ്കക്കെതിരെ കളിച്ചിരുന്നില്ല. കിഷനു പകരം ശുഭ്മൻ ഗിൽ ആണ് ഓപ്പൺ ചെയ്തത്. ഒരു സെഞ്ചുറി അടക്കം ഗിൽ മികച്ച ബാറ്റിംഗ് കാഴ്ചവെക്കുകയും ചെയ്തു.
മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ന്യൂസീലൻഡ് ഇന്ത്യയിൽ കളിക്കുക. ഈ മാസം 17, 21, 24 തീയതികളിൽ ഹൈദരാബാദ്, റായ്പൂർ, ഇൻഡോർ എന്നീ വേദികളിൽ ഏകദിനങ്ങളും ഈ മാസം 27, 29, ഫെബ്രുവരി 1 തീയതികളിൽ റാഞ്ചി, ലക്നൗ, അഹ്മദാബാദ് എന്നീ വേദികളിൽ ടി-20 മത്സരങ്ങളും നടക്കും.
വിരാട് കോലിയെ തടഞ്ഞുനിർത്താൻ തങ്ങൾ ശ്രമിക്കുമെന്ന് ന്യൂസീലൻഡിൻ്റെ സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ ടോം ലാതം പറഞ്ഞു. കോലി അതിഗംഭീര ഫോമിലാണെന്നും അദ്ദേഹത്തിന് കാര്യങ്ങൾ എളുപ്പമാക്കില്ല എന്നും ലാതം പറഞ്ഞു. ട്രെൻ്റ് ബോൾട്ട്, ടിം സൗത്തി, കെയിൻ വില്ല്യംസൺ എന്നിവർ ഇല്ലാത്തത് വലിയ തിരിച്ചടിയാണെന്നും ലാതം കൂട്ടിച്ചേർത്തു.