കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 5 കിലോയോളം സ്വർണം പിടികൂടി. 5 കേസുകളിലായി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത് 3 കോടിയിൽ അധികം രൂപ മൂല്യം ഉള്ള സ്വർണ്ണമാണ്. കമ്പ്യൂട്ടർ പ്രിൻ്ററിലും ന്യൂട്ടല്ല ബോട്ടിലിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമം. മലപ്പുറം ആതവനാട് സ്വദേശി അബ്ദുൽ ആഷിഖ് (29), വടകര വില്ലിയാപ്പള്ളി സ്വദേശി താച്ചാർ കണ്ടിയിൽ അഫ്നാസിൽ (29) മലപ്പുറം തവനൂർ സ്വദേശി അബ്ദുൽ നിഷാറിൽ (33), കോഴിക്കോട് കൊടുവള്ളി അവിലോറ സ്വദേശി സുബൈറിൽ (35), എന്നിവരാണ് അറസ്റ്റിലായത്.
സമീപ കാലത്ത് ആരും ഉപയോഗിക്കാത്ത മാർഗമാണ് മലപ്പുറം ആതവനാട് സ്വദേശി അബ്ദുൽ ആഷിഖ് (29) കണ്ടെത്തിയത്. കമ്പ്യൂട്ടർ പ്രിൻ്ററിന് ഉള്ളിൽ ദണ്ഡുകളുടെ രൂപത്തിലാണ് ആഷിഖ് സ്വർണം കടത്തിയത്. ജിദ്ദയിൽ നിന്നും ഷാർജ വഴി കരിപ്പൂരിൽ എത്തിയ ആഷിഖിൻ്റെ കമ്പ്യൂട്ടർ പ്രിൻ്റർ കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയത്തെ തുടർന്ന് പിടിച്ചു വച്ചു. ബാഗ്ഗെജിന്റെ എക്സ് റേ പരിശോധനയിൽ അതിലുണ്ടായിരുന്ന പ്രിന്റ്റിന്റെ ഇമേജിൽ സംശയം തോന്നിയതിനാൽ അത് വിശദമായി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.എന്നാല് അത് തന്റെ സഹോദരൻ തന്നയച്ചതാണെന്നും അതിൽ സ്വർണ്ണമില്ലെന്നു തനിക്ക് ഉറപ്പാണെന്നും അതിനാൽ പ്രിൻറർ തുറന്നു പരിശോധിച്ച് കേടുവന്നാൽ പുതിയ പ്രിൻറർ നൽകേണ്ടിവരുമെന്ന് ഉദ്യോഗസ്ഥരോട് ആഷിഖ് തർക്കിച്ചു . ഏകദേശം പതിനായിരം രൂപയോളം വിലവരുന്ന പ്രിൻറർ അതിനാൽ പൊട്ടിച്ചു നോക്കാതെ ഉദ്യോഗസ്ഥർ വിശദ പരിശോധനക്കായി പിടിച്ചുവെക്കുകയുണ്ടായി.
ഇന്ന് രാവിലെ എയർ ഇന്ത്യ വിമാനത്തിൽ ഷാർജയിൽ നിന്നും വന്ന മലപ്പുറം തവനൂർ സ്വദേശിയായ ചെറുകാട്ടുവളപ്പിൽ സൈദാലി മകൻ അബ്ദുൽ നിഷാറിൽ (33) നിന്നും 1158 ഗ്രാം സ്വർണ്ണമിശ്രിതവും കൊടുവള്ളി അവിലോറ സ്വദേശിയായ പാറക്കൽ കാദർ മകൻ സുബൈറിൽ (35) നിന്നും 1283 ഗ്രാം സ്വർണ്ണമിശ്രിതവും അടങ്ങിയ 4 വീതം ക്യാപ്സുലുകൾ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തുകയുണ്ടായി. കള്ളക്കടത്തുസംഘം നിഷാറിന് 50,000 രൂപയും സുബൈറിനു 70,000 രൂപയുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. സംഭവത്തിൽ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.