സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോമിന്‍റെ പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര പിയവവ് കണ്ടെത്തിയിരിക്കുന്നത്. മലയാളത്തിലെ ഏറെ പ്രശസ്തമായ ‘വാഴക്കുല’ എന്ന കവിതയുടെ രചയിതാവായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്ഥാനത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരാണ് പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’യായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കേരള സര്‍വകലാശാല പ്രൊ വിസിയായിരുന്ന ഡോ.അജയകുമാറായിരുന്നു ഗൈഡ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി 2021 ൽ ഡോക്ടറേറ്റും കിട്ടി.ഗൈഡ് അടക്കം നിരവധി കമ്മിറ്റികളുടെ പരിശോധനകള്‍ക്ക് ശേഷമാണ് ഒരു സര്‍വകലാശാല പ്രബന്ധത്തിന് അംഗീകാരം ലഭിക്കാറുള്ളത്. എന്നാല്‍ പലരും പരിശോധിച്ചിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചതുമില്ല. ഈ അബദ്ധം കയറിക്കൂടിയത് എങ്ങനെയാണെന്ന് അറിയില്ലെന്നാണ് ചിന്താ ജെറോം പ്രതികരിച്ചിരിക്കുന്നത്.