ത്രിപുര തെരഞ്ഞെടുപ്പിന്റ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. ഇഞ്ചോടിഞ്ച് പോരാട്ടത്തിനു വേദിയാകുന്ന ത്രിപുരയിൽ ഇത്തവണ പ്രചരണ രംഗത്തും വാശി ദൃശ്യമാണ്. ചരിത്രത്തിൽ ആദ്യമായി ഇടത് – കോണ്ഗ്രസ് കൂട്ടുകെട്ടിന് സാഹചര്യം ഒരുങ്ങിയ ത്രിപുരയിൽ ഇത്തവണ നടക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള പ്രതിപക്ഷ ഐക്യത്തിന്റെ പരീക്ഷണം കൂടിയാണ്.
ഇടത് കോണ്ഗ്രസ് വോട്ടുകൾ ഒന്നിച്ചു നിർത്താനായാൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയും എന്ന ആത്മവിശ്വാസമാണ് ഇരു പാർട്ടികളുടെയും നേതാക്കൾ പങ്കുവെക്കുന്നത്. കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയ ത്രിപുരയിൽ തുടർഭരണം നേടുന്നത് അഭിമാന പ്രശ്നമായാണ് ബിജെപി കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ പ്രചരണങ്ങളിൽ ലഭിച്ച വൻ ജനപിന്തുണ ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്. ഇത്തവണ 50 ലേറെ സീറ്റുകൾ നേടുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. ഗോത്ര പാർട്ടിയായ തിപ്ര മോതയുടെ സാന്നിധ്യമാണ് ഈ തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തേക്കുള്ള, അന്താരാഷ്ട്ര, സംസ്ഥാന അതിർത്തികൾ അടച്ചു. സംസ്ഥാനത്തെങ്ങും പരിശോധന കർശനമാക്കി.