കേന്ദ്ര ഖാദി കമ്മിഷനും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന തല ഖാദി പ്രദർശന വിപണനമേള ‘ഖാദി എക്സ്പോ 2023’ കണ്ണൂരിൽ നടക്കും. ടൗൺ സ്ക്വയറിൽ 10 മുതൽ 19 വരെയാണ് മേള. വെള്ളിയാഴ്ച നാലിന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ മുഖ്യാതിഥിയാകും.
30 സ്റ്റാളുകളിൽ ഖാദി വസ്ത്രങ്ങളും 20 സ്റ്റാളുകളിൽ ഗ്രാമ വ്യവസായ ഉത്പന്നങ്ങളും പ്രദർശിപ്പിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും മേളയുടെ ഭാഗമാകും. കഴുതപ്പാൽ ഉപയോഗിച്ചുള്ള സൗന്ദര്യവർധക വസ്തുക്കളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖാദി ഉത്പന്നങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. സർക്കാർ- അർധ സർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതി വഴി വായ്പ എടുക്കാനുള്ള സൗകര്യവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.