തുർക്കിയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഭൂകമ്പം ദുരന്തം വിതച്ച മേഖലയിലാണ് വെള്ളപ്പൊക്കം കനത്ത നാശം ഉണ്ടാക്കിയത്. മലാട്യ ഉൾപ്പെടെ ഭൂകമ്പം തകർത്തെറിഞ്ഞ തെക്കൻ തുർക്കിയിലാണ് കനത്ത മഴയെത്തുടർന്ന് മിന്നൽ പ്രളയം ഉണ്ടായത്. വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി റോഡുകൾ തകർന്നു. നിർത്തിയിട്ട വാഹനങ്ങൾ ഒലിച്ചുപോയി. ഭൂകമ്പത്തെത്തുടർന്ന് ടെന്റുകളിലും താത്കാലിക സംവിധാനങ്ങളിലും കഴിഞ്ഞവരാണ് മരണമടഞ്ഞത്. നിരവധി താത്കാലിക വീടുകളും ഒലിച്ചുപോയി. സിറിയൻ അതിർത്തിയോട് ചേർന്ന പ്രദേശമായ സാൻലിയർഫയിൽ മാത്രം 11 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. ഒട്ടേരെപ്പേരെ കാണാതായിട്ടുണ്ട്. 10 അംഗസംഘം രക്ഷാപ്രവർത്തനം നടത്തുന്നതായി തുർക്കി സർക്കാർ അറിയിച്ചു.