മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നു. ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനിൽ ആന്‍റണി പാര്‍ട്ട് അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനൊപ്പമാണ് അനില്‍ ആന്‍റണി ബിജെപി ആസ്ഥാനത്തെത്തിയത്.
ബിബിസി ഡോക്യുമെന്‍ററി വിവാദത്തെ തുടർന്നാണ് അനിൽ ആന്റണി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു അനില്‍ ആന്‍റണി. ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നും, ഇറാക്ക് യുദ്ധത്തിന്‍റെ തലച്ചോറായിരുന്നു മുന്‍ യു കെ വിദേശകാര്യസെക്രട്ടറി ജാക് സ്ട്രോയെന്നും അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച കോൺഗ്രസ് നേതൃത്വത്തിന് ഇത് തിരിച്ചടിയായിരുന്നു.