രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ കേന്ദ്രം ആവശ്യപ്പെട്ടു.
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആറായിരം കടന്നു. കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി വിളിച്ച സംസ്ഥാനങ്ങളുടെ യോഗം പുരോഗമിക്കുകയാണ്. ദില്ലിയിൽ സ്ഥിരീകരിക്കുന്ന കേസുകളിൽ 90 ശതമാനവും ഒമിക്രോൺ ഉപവകഭേദം കാരണമെന്നാണ് കണ്ടെത്തൽ. 6050 പേർക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ പതിമൂന്ന് ശതമാനം വർധന. 5335 പേർക്കായിരുന്നു ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്കും കഴിഞ്ഞ ദിവസത്തേക്കാൾ കൂടി 3.39 ശതമാനമായി. 14 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ചു മരിച്ചത്.