മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ സംഭവത്തിൽ റിവ്യു ഹർജി പരിഗണിക്കുന്നതിനിടെ പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത ന്യായാധിപന്മാർ. ശശികുമാറിന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. എന്തോ കണക്കുകൂട്ടിയാണ് അദ്ദേഹം പറയുന്നതെന്നും ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് കുറ്റപ്പെടുത്തി.
വിശ്വാസമില്ലെങ്കിൽ എന്തിനാണ് കേസ് ലോകായുക്ത പരിഗണിക്കുന്നതെന്ന് ലോകായുക്ത ചോദിച്ചു. ഒരു കേസ് പരിഗണനയിലിരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പറയുന്നത് ശരിയല്ല. ആൾക്കൂട്ട അധിഷേപം നടത്തുകയാണ്. പേപ്പട്ടി ഒരു വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്. അതുകൊണ്ടാണ് കൂടുതൽ പറയാത്തതെന്നും ലോകായുക്ത പറഞ്ഞു. കോടതിയിൽ പറയേണ്ട കാര്യമേ പറയാവൂവെന്നും ലോകായുക്ത.